തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ വീട്ടിൽ വിദ്യാരംഭം. സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയുടെ അനന്തരവൾ നിർഭയയെയാണ് തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ എഴുത്തിനിരുത്തിയത്.
മലയാളത്തിലും ഇംഗ്ലീഷിലും മന്ത്രി അക്ഷരം എഴുതിച്ചു. മലയാള അക്ഷരങ്ങൾ അരിയിലും ഇംഗ്ലീഷ് അക്ഷരങ്ങൾ കടലാസിലും എഴുതിച്ചു. അക്ഷരങ്ങൾക്ക് പുറമേ നന്മ, സ്നേഹം, അച്ഛൻ, അമ്മ, ഗുരു, ചേട്ടൻ, ചേച്ചി എന്നിങ്ങനെയുള്ള വാക്കുകൾ എഴുതിച്ചു. ഇന്ന് എഴുതിച്ചതെല്ലാം കുഞ്ഞിന്റെ ഉള്ളിൽ പതിഞ്ഞിട്ടുണ്ടെന്നും കുട്ടികൾ പഠിച്ച് വളരേണ്ട കാര്യങ്ങളാണ് ഇവയെല്ലാമെന്നും മന്ത്രി പറഞ്ഞു.
വിപുലമായ ചടങ്ങുകളാണ് സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ നടക്കുന്നത്. ഇതിന് പുറമേ സാംസ്കാരിക സംഘടനകളും വായനശാലകളുമൊക്കെ വിദ്യാരംഭ ചടങ്ങ് നടത്തുന്നുണ്ട്. രാജ്ഭവനിൽ ഗവർണറും കുരുന്നുകൾക്ക് ഹരിശ്രീ കുറിച്ചു.