ചർമ്മ സൗന്ദര്യത്തിന് മുൻഗണന നൽകുന്നവരാണ് നമ്മിൽ ബഹുഭൂരിപക്ഷവും. തിളക്കമുള്ള ചർമ്മം ലഭിക്കുന്നതിനും ത്വക്ക് വരണ്ടുണങ്ങുന്നത് ഒഴിവാക്കുന്നതിനും എണ്ണകളും മറ്റ് സൗന്ദര്യ വർദ്ധക വസ്തുക്കളും നാം ഉപയോഗിക്കാറുണ്ട്. എന്നാൽ മനുഷ്യ ചർമ്മത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന സെബം എന്ന സ്രാവത്തിന് സമാനമായ ജോജോബ ഓയിൽ ഉപയോഗിച്ചിട്ടുണ്ടോ? നിരവധി പോഷക ഘടകങ്ങളാണ് ഈ എണ്ണയിൽ അടങ്ങിരിക്കുന്നതെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഇക്കാര്യങ്ങൾ അറിഞ്ഞോളൂ..
ശരീരത്തിൽ ആവശ്യമായ സെബം ഉത്പാദിപ്പിക്കാതെ വരുമ്പോഴാണ് പലവിധ ചർമ്മ പ്രശ്നങ്ങളും ഉടലെടുക്കുന്നത്. ഇത് ഒഴിവാക്കുന്നതിനായി ജോജോബ എണ്ണ സഹായിക്കുന്നു. ജോജോബ സസ്യത്തിന്റെ വിത്തിൽ നിന്നും വേർതിരിച്ചെടുക്കുന്ന എണ്ണയാണിത്. 98 ശതമാനവും ശുദ്ധമായ വാക്സ് ആണ് വിത്തുകളിൽ നിന്നും ലഭിക്കുന്നത്.
ജോജോബ എണ്ണ പുരട്ടുന്നത് ചർമ്മത്തിൽ ജലാംശം നിലനിർത്തുന്നതിനും ചർമ്മം മൃദുലമാക്കുന്നതിനും സഹായിക്കുന്നു. ഈർപ്പം നിലനിർത്തുന്നതിലൂടെ സുഷിരങ്ങളിൽ അടിയുന്ന ചളി പുറന്തള്ളാൻ ഈ എണ്ണ സഹായിക്കും. വിറ്റാമിൻ ഇ, വിറ്റാമിൻ ബി, കോപ്പർ, സിങ്ക് തുടങ്ങി ഒട്ടനവധി പോഷകഘടകങ്ങളാണ് ഈ എണ്ണയിൽ അടങ്ങിയിരിക്കുന്നത്. ഇത് ചർമ്മത്തെ അണുക്കളിൽ നിന്നും സംരക്ഷിച്ച് നിർത്തുന്നു. മുഖത്തു വരുന്ന ചുളിവുകളും പാടുകളും കുറച്ച് ഇലാസ്തികത നിലനിർത്താൻ സഹായിക്കുന്നു. മുഖക്കുരു ഒഴിവാക്കി തിളങ്ങുന്ന ചർമ്മം ലഭിക്കുന്നതിനും ജോജോബ എണ്ണ ഉപയോഗിക്കാം..