ന്യൂഡൽഹി: എസ്‌സിഒ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ നാളെ പാകിസ്താനിലേക്ക് തിരിക്കും. ഉച്ചകോടിക്ക് മുന്നോടിയായി പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് എസ്‌സിഒ ഉച്ചകോടിയിൽ പങ്കെടുക്കുന്ന ഉന്നതതല നേതാക്കൾക്കായി ഒരുക്കുന്ന അത്താഴ വിരുന്നിലും എസ് ജയശങ്കർ പങ്കെടുക്കുമെന്നാണ് വിവരം.
പാകിസ്താനുമായി ഉഭയകക്ഷി ചർച്ചകൾ നടക്കില്ലെന്ന് കേന്ദ്രം നേരത്തെ തന്നെ അറിയിച്ചിരുന്നു. ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം ഉടൻ തന്നെ എസ് ജയശങ്കർ ഇന്ത്യയിലേക്ക് തിരിക്കുമെന്നും, 24 മണിക്കൂറിലധികം അവിടെ ചെലവഴിക്കില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. താൻ ഇസ്ലാമാബാദിലേക്ക് പോകുന്നത് പാകിസ്താനുമായുള്ള ബന്ധത്തെ കുറിച്ച് ചർച്ച ചെയ്യാനല്ലെന്നും, എസ്‌സിഒയിലെ സജീവ അംഗമെന്ന നിലയിലാണെന്നും ജയശങ്കർ വ്യക്തമാക്കിയിരുന്നു.
ഇന്ത്യയോ പാകിസ്താനോ ഉഭയകക്ഷി കൂടിക്കാഴ്ച ആവശ്യപ്പെട്ടിട്ടില്ലെന്ന് പാക് വിദേശകാര്യമന്ത്രി ഇഷാഖ് ദാറും പറയുന്നു. തങ്ങൾ നല്ല ആതിഥേയരാണെന്നും, അതിനാൽ തന്നെ പ്രോട്ടോക്കോളുകൾ പാലിച്ചു കൊണ്ട് തന്നെ ജയശങ്കറിനെ രാജ്യത്തേക്ക് സ്വാഗതം ചെയ്യുമെന്നും ഇഷാഖ് ദാർ പറയുന്നു. നാളെ വൈകിട്ട് എത്തിയ ശേഷം ബുധനാഴ്ച അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങും. ഒൻപത് വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ വിദേശകാര്യമന്ത്രി പാകിസ്താനിലെത്തുന്നത്.















