മുംബൈ: മുംബൈയിൽ നിന്ന് മസ്‌കറ്റിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്നതിന് മിനിറ്റുകൾക്ക് മുൻപാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. പ്രോട്ടോക്കോൾ അനുസരിച്ച് വിമാനം ഉടനെ തന്നെ പ്രത്യേക ഇടത്തേക്ക് മാറ്റിയതായും പരിശോധന ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി.
വിമാനത്തിൽ യാത്ര ചെയ്യേണ്ടിയിരുന്ന യാത്രക്കാർക്ക് ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കി നൽകിയിട്ടുണ്ടെന്നും, ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുകയാണെന്നും ഇൻഡിഗോ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. മുംബൈയിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ച് മണിക്കൂറുകൾക്കുള്ളിലാണ് സമാന സംഭവം. 239 യാത്രക്കാരുമായി മുംബൈയിൽ നിന്ന് ന്യൂയോർക്കിലേക്ക് പുറപ്പെട്ട വിമാനം സുരക്ഷാ പ്രശ്‌നങ്ങളെ തുടർന്ന് പിന്നീട് ഡൽഹിയിലേക്ക് വഴിതിരിച്ച് വിടുകയായിരുന്നു.
ന്യൂയോർക്കിലേക്ക് പുറപ്പെട്ട വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് മുംബൈ വിമാനത്താവളത്തിലേക്കാണ് സന്ദേശം ലഭിച്ചത്. തുടർന്ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയത്. വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ വ്യക്തമാക്കി. തുടർച്ചയായി ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്ന സാഹചര്യത്തിൽ വിമാനത്താവളത്തിലും പരിസരത്തും സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. വിഷയത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.















