ബംഗളൂരു: കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെയും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും രാജി ആവശ്യം ശക്തമാക്കി ബിജെപി. ഖാർഗെയുടെ മകൻ രാഹുൽ ഖാർഗെ നടത്തുന്ന ട്രസ്റ്റിന് അനുവദിച്ച അഞ്ചേക്കർ ഭൂമി തിരിച്ചുനൽകാൻ കുടുംബം തീരുമാനിച്ചതിന് പിന്നാലെയാണ് ബിജെപി നിലപാട് കടുപ്പിച്ചത്.
ഇത് കുറ്റസമ്മതമാണെന്നും ഇരു നേതാക്കൾക്കെതിരെയും നിയമനടപടി വേണമെന്നും ബിജെപി എംപി സുധാംശു ത്രിവേദി ആവശ്യപ്പെട്ടു. അധികാര ദുർവിനിയോഗത്തിന്റെ ഹൈസ്റ്റ് ലെവലിലാണ് കോൺഗ്രസ് ഇപ്പോൾ. വിനോബഭാവെയുടെ “ഭൂദാൻ” പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവർത്തിച്ചവരാണ് മുൻകാല നേതാക്കൾ. സോണിയയുടെയും രാഹുലിന്റെയും കീഴിൽ കോൺഗ്രസ് നേതാക്കൾ ഇപ്പോൾ “ഭൂ-ഹദാപ്” ( ഭൂമി പിടിച്ചെടുക്കൽ) പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഞായറാഴ്ചയാണ് സിദ്ധാർത്ഥ വിഹാർ ട്രസ്റ്റിന് അനുവദിച്ച അഞ്ചേക്കർ പ്ലോട്ടിന്റെ ഉടമസ്ഥാവകാശം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഖാർഗെ കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡെവലപ്‌മെൻ്റ് ബോർഡ് സിഇഒയ്‌ക്ക് കത്തെഴുതിയത്.
ഭൂമി തിരിച്ചുനൽകിയത് കൊണ്ട് മാത്രം അഴിമതിയിൽ നിന്ന് രക്ഷപ്പെടില്ലെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവല്ല ചൂണ്ടിക്കാട്ടി. ഈ ഭൂമി തിരിച്ചുനൽകുന്നത് അവരുടെ ക്രിമിനലിറ്റിയോ അഴിമതിയോ ഇല്ലാതാക്കില്ല. ഇത് കേവലം കുറ്റസമ്മതം മാത്രമാണ്. സിദ്ധരാമയ്യ കുടുംബം മുഡ ഭൂമി തിരികെ നൽകിയതിന് സമാനമാണിതെന്നും അദ്ദേഹം പറഞ്ഞു.
മൂഡ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് സിദ്ധരാമയ്യയ്‌ക്കും ഭാര്യയ്‌ക്കും സഹോദരനുമെതിരെ ലോകായുക്ത എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെ കുടുംബം 14 സ്ഥലങ്ങൾ മുഡയ്‌ക്ക് തിരികെ നൽകി. തുടർന്നാണ് രാഹുൽ ഖാർഗെ ഭൂമി തിരിച്ചെടുക്കാൻ അപേക്ഷ നൽകിയത്.