ഹോങ്കോങ്: ദിനംപ്രതി കുരങ്ങുകൾ ചത്തുവീഴുന്നതിൽ ആശങ്ക. ഹോങ്കോങ്ങിലെ ചരിത്രപ്രസിദ്ധമായ മൃഗശാലയിലാണ് സംഭവം. ഇതിനോടകം എട്ട് കുരങ്ങുകളാണ് ചത്തുവീണത്. ഏതെങ്കിലും പുതിയ വൈറസാണോ ജീവഹാനിയുണ്ടാക്കിയതെന്ന സംശയത്തിലാണ് മൃഗശാല അധികൃതർ. ഹോങ്കോങ്ങിലെ ഏറ്റവും പഴക്കംചെന്ന സുവോളജിക്കൽ ആൻഡ് ബൊട്ടാണിക്കൽ ഗാർഡനിലാണ് (HKZBG) ആശങ്കയുണർത്തുന്ന സംഭവമുണ്ടായത്.
Squirrel Monkeys, De Brazza, cotton-top tamarins, white-faced sakis എന്നീ വിഭാഗത്തിലുള്ള കുരങ്ങുകളാണ് പൊടുന്നനെ ചത്തുവീണതെന്ന് ഹോങ്കോങ്ങിലെ Leisure and Cultural Services Department (LCSD) അറിയിച്ചു.
മനുഷ്യർക്കും മൃഗങ്ങൾക്കും ഇടയിൽ വ്യാപിക്കുന്ന ജന്തുജന്യരോഗങ്ങളാകാം കാരണമെന്ന ആശങ്കയിലാണ് അധികൃതർ. പുതിയ എന്തെങ്കിലും തരം രോഗമാണോയെന്ന സംശയവും നിലനിൽക്കുന്നുണ്ട്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മൃഗശാലയിലെ സസ്തനികളുടെ സെക്ഷൻ അടച്ചിട്ടിരിക്കുകയാണ്. ഇവിടെ ശുചീകരണപ്രവർത്തനങ്ങളും ആരംഭിച്ചു. മറ്റ് മൃഗങ്ങളുടെ ആരോഗ്യസ്ഥിതിയും പരിശോധിക്കുന്നുണ്ട്.
1860കളിലാണ് HKZBG സ്ഥാപിതമാകുന്നത്. നിലവിൽ ഇവിടെ 158 തരം പക്ഷികളും 93 സസ്തനികളും 21 ഉരഗങ്ങളുമുണ്ട്.