തൃശൂർ: ആംബുലൻസിൽ എന്നല്ല, സുരേഷ് ഗോപിയെ ഹെലികോപ്റ്ററിൽ കൊണ്ടുവരാനും വേണ്ടിവന്നാൽ ശ്രമിക്കുമെന്ന് ബിജെപി തൃശൂർ ജില്ലാദ്ധ്യക്ഷൻ കെ.കെ അനീഷ് കുമാർ. പൂരം അലങ്കോലമാക്കുന്നത് തടയാനാണ് സുരേഷ് ഗോപി ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ പൂരം ചരിത്രത്തിലാദ്യമായി നിർത്തിവച്ച സാഹചര്യത്തിൽ സമവായ ചർച്ചകൾക്കായി പൂരനഗരിയിലേക്ക് സുരേഷ് ഗോപി ആംബുലൻസിലെത്തിയതിന് കേസെടുത്ത പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
“തൃശൂർ പൂരം ഏതുവിധേനയും അലങ്കോലപ്പെടുത്തുക എന്നതായിരുന്നു ഇടതുപക്ഷത്തിന്റെ ലക്ഷ്യം. പക്ഷെ അത് പൂർണമായി നടപ്പാക്കാൻ അവർക്ക് സാധിച്ചില്ല. സുരേഷ് ഗോപിയുടെ സമയോചിതമായ ഇടപെടൽ കാരണം തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് അടക്കമുള്ള മറ്റ് പരിപാടികൾ തുടർന്ന് നടത്താൻ കഴിഞ്ഞു. ഇടതുപക്ഷം ഉദ്ദേശിച്ചത് തൃശൂർ പൂരം നടക്കരുതെന്നാണ്. അലങ്കോലപ്പെടുത്തുമെന്നത് അവരുടെ തീരുമാനമായിരുന്നു. രാവിലെ 11.30 മുതൽ, തിരുവമ്പാടിയുടെ പൂരം തടസപ്പെട്ടതുമുതൽ, ക്ഷേത്രം അധികൃതർ കമ്മീഷണറെയും മന്ത്രി രാജനെയും സുനിൽകുമാറിനെയും മാറിമാറി സമീപിച്ചു. പൂരം നടത്തിപ്പ് ഉപേക്ഷിക്കുകയെന്ന തീരുമാനം സ്വീകരിക്കാതിരിക്കാൻ അവർ പല ഇടതുപക്ഷ നേതാക്കളെയും പ്രതിനിധികളെയും സർക്കാരുദ്യോഗസ്ഥരെയും വിളിച്ചു. തിരുവമ്പാടിയുടെ പ്രതിനിധികൾ പലതവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ആ സ്ഥലത്ത് വരാനോ പ്രശ്നം പരിഹരിക്കാനോ അവർ തയ്യാറായില്ല. കാരണം, അവരുടെ ഉദ്ദേശ്യം പൂരം അലങ്കോലമാക്കുക എന്നത് തന്നെയായിരുന്നു.
പൂരം ഒരിക്കലും നിർത്തിവയ്‌ക്കപ്പെടരുത്, എന്നതായിരുന്നു ബിജെപിയുടെ തീരുമാനം. അതിന്റെ ഭാഗമായി തിരുവമ്പാടി അധികൃതരുമായി ചർച്ച നടത്തി, പൂരം തുടർന്ന് നടത്തിക്കാൻ, ഏതുവിധേനയും സുരേഷ് ഗോപിയെ സ്ഥലത്ത് എത്തിക്കുക എന്നതായിരുന്നു ബിജെപിയുടെ നിലപാട്. ഈ തീരുമാനത്തിന്റെ ഭാഗമായി സുരേഷ്ഗോപിയെ പൂരപ്പറമ്പിൽ എത്തിക്കാൻ എല്ലാവിധ മാർഗവും ബിജെപി സ്വീകരിച്ചിട്ടുണ്ട്. തുടർന്നാണ് സേവാഭാരതിയുടെ ആംബുലൻസിൽ സുരേഷ് ഗോപിയെ എത്തിച്ചത്. അന്ന് ഏതുമാർഗം ഉപയോഗിച്ചും സുരേഷ് ഗോപിയെ ബിജെപി കൊണ്ടുവരുമായിരുന്നു. പൂരം അലങ്കോലപ്പെടുത്തുക എന്നതാണ് ഇടതുപക്ഷത്തിന്റെ തീരുമാനമെങ്കിൽ ഒരുകാരണവശാലും അതിന് അനുവദിക്കില്ല എന്നതായിരുന്നു ബിജെപിയുടെ തീരുമാനം.
അദ്ദേഹത്തെ ആംബുലൻസിൽ തന്നെയാണ് കൊണ്ടുവന്നത്, ഇനി ആംബുലൻസിൽ വരാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ, ഹെലികോപ്റ്ററിൽ അദ്ദേഹത്തെ എത്തിക്കാനുള്ള സാഹചര്യമുണ്ടെങ്കിൽ, തങ്ങൾ അതും ചെയ്യും. ഏതന്വേഷണം വന്നാലും ഈ നിലപാടിൽ നിന്ന് ബിജെപി പിന്നോട്ടില്ല. -കെ.കെ അനീഷ്കുമാർ പറഞ്ഞു.