പത്തനാപുരം: പത്തനാപുരം വിജയദശമി മഹോത്സവത്തിൽ പങ്കെടുത്ത് സിനിമാ താരം അനുശ്രീ. പരിപാടിയിൽ പങ്കെടുത്ത ശേഷം ആർഎസ്എസ് കൊല്ലം വിഭാഗ് കാര്യവാഹ് സി. പ്രദീപിൽ നിന്ന് സിനിമാ താരം അനുശ്രീ കേസരിയുടെ ആദ്യ രസീത് ഏറ്റുവാങ്ങി. റിട്ട. ലഫ്റ്റണന്റ് കേണൽ എൽ. സുധാംബിക ചടങ്ങിന്റെ അദ്ധ്യക്ഷയായിരുന്നു.
വിജയദശമി മഹോത്സവത്തോട് അനുബന്ധിച്ച് കേസരി പ്രചാരമാസ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടന്നിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് പത്തനാപുരത്തും പരിപാടി സംഘടിപ്പിച്ചത്. നേരത്തെ മുതൽ ബാലഗോകുലത്തിലൂടെയും മറ്റും സംഘവേദികളിൽ സജീവമാണ് അനുശ്രീ. എന്നാൽ ഇതിനെതിരെ ഉയരുന്ന വിമർശനങ്ങൾക്കും അനുശ്രീ കൃത്യമായ മറുപടി നൽകാറുണ്ട്.
ഹിന്ദു വിശ്വാസികൾക്ക് നട്ടെല്ലില്ല എന്നാണ് ചിലരുടെ ധാരണയെന്നും, ഹിന്ദു വിശ്വാസികളുടെ നട്ടെല്ല് എന്താണെന്ന് കാണിച്ചു കൊടുക്കേണ്ട സമയം കഴിഞ്ഞുവെന്നും കഴിഞ്ഞ വർഷം ഒരു പൊതുപരിപാടിയിൽ വച്ച് അനുശ്രീ പറഞ്ഞിരുന്നു. അവരവരുടെ വിശ്വാസങ്ങളെയും അനുഷ്ഠാനങ്ങളെയും സംരക്ഷിക്കാനുള്ള അവകാശം ഭാരതത്തിൽ എല്ലാവർക്കുമുണ്ട്. ശ്രീകൃഷ്ണ ജയന്തിക്ക് ഭാരതാംബ ആയതിന് തന്നെ വർഗീയവാദി ആക്കിയവരുണ്ട്. തന്റെ വിശ്വാസങ്ങളെ ഹനിക്കുന്ന തരത്തിൽ എന്തെങ്കിലും ഉണ്ടായാൽ തനിക്ക് കഴിയും വിധം പ്രതിഷേധിക്കുമെന്നുമാണ് അനുശ്രീ പറഞ്ഞത്.