പാലക്കാട് ബിജെപിയെ തോൽപ്പിക്കാൻ സിപിഎം വോട്ട് കോൺഗ്രസിന് മറിക്കാറുണ്ടെന്ന് സമ്മതിച്ച് ഡോ. പി.സരിൻ. മെട്രോമാൻ ഇ. ശ്രീധരൻ മത്സരിച്ചപ്പോൾ ഉൾപ്പടെ സിപിഎമ്മിന്റെ ഔദാര്യം കൊണ്ടാണ് ഷാഫി പറമ്പിൽ വിജയിച്ചതെന്ന സൂചന സരിൻ നൽകി. പാലക്കാട് നടന്ന വാർത്ത സമ്മേളനത്തിനിടെയാണ് സരിന്റെ തുറന്നുപറച്ചിൽ.
2006 മുതൽ 2021 വരെ നടന്ന തെരഞ്ഞെടുപ്പുകളിൽ പാലക്കാട് സിപിഎം വോട്ട് ക്രമാതീതമായി കുറയുകയാണല്ലോയെന്ന് ചോദിച്ചപ്പോഴാണ് അത് സിപിഎമ്മിന്റെ ഔദാര്യമാണെന്നും, സിപിഎം വോട്ടുകൾ നേടിയാണ് ഷാഫി പറമ്പിൽ വിജയിച്ചതെന്നും പി.സരിൻ പറഞ്ഞത്. പാലക്കാട് പലതരത്തിലുള്ള ഡീലുകൾ ഉണ്ടായിട്ടുണ്ട്. അതിൽ ഡീലുകൾ നടക്കാതെ പോയത് ഇ. ശ്രീധരൻ മത്സരിച്ചപ്പോൾ മാത്രമാണ്. ശ്രീധരൻ ജയിക്കുമെന്നായപ്പോൾ ഇടതുപക്ഷത്തിന്റെ വോട്ടുകൾ കോൺഗ്രസിലേക്ക് വന്നു, അല്ലെങ്കിൽ ഷാപ്പി പറമ്പിൽ തോൽക്കുമായിരുന്നു. ഇനി സിപിഎമ്മിന്റെ വോട്ടുകൾ കോൺഗ്രസിലേക്ക് പോകില്ലെന്നും സരിൻ കൂട്ടിച്ചേർത്തു.
സമാന ആരോപണം നേരത്തെ ബിജെപി ഉന്നയിച്ചിരുന്നു. മെട്രോമാൻ ഇ.ശ്രീധരൻ വിജയിക്കുമെന്ന് കണ്ടപ്പോൾ സിപിഎം 5,000 വോട്ട് കോൺഗ്രസിന് മറിച്ചെന്നും എന്നിട്ടും 3,000ത്തോളം വോട്ടുകൾക്ക് മാത്രമാണ് ബിജെപി പരാജയപ്പെട്ടതെന്നും കണക്കുകൾ സഹിതമായിരുന്നു ബിജെപി വ്യക്തമാക്കിയിരുന്നത്. സരിന്റെ വെളിപ്പെടുത്തലോടെ ബിജെപിയുടെ ആരോപണം ശരിവയ്‌ക്കപ്പെടുകയാണ്.
പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാർത്ഥിയായി രാഹുൽ മാങ്കുട്ടത്തിലിനെ കോൺഗ്രസ് ഉയർത്തിക്കാട്ടിയതോടെ ആയിരുന്നു വിമർശനപ്പെരുമഴയുമായി പി.സരിൻ എത്തിയത്. സരിന്റെ പെട്ടെന്നുള്ള വെടിപൊട്ടിക്കൽ ഇടത്തേക്ക് ചാടാനാണെന്ന് ആദ്യമേ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഒടുവിൽ രണ്ടാമത് നടത്തിയ വാർത്താസമ്മേളനത്തിൽ സരിൻ ഇക്കാര്യം സ്ഥിരീകരിച്ചു. ഇനി ഇടതുപക്ഷത്തോടൊപ്പം ചേർന്നു പ്രവർത്തിക്കുമെന്നായിരുന്നു സരിന്റെ വാക്കുകൾ. വിഡി സതീശന്റെ നേതൃത്വത്തിലുള്ള മൂവർ സംഘം കോൺഗ്രസിനെ ഹൈജാക്ക് ചെയ്തുവെന്നും സരിൻ കുറ്റപ്പെടുത്തിയിരുന്നു.