ന്യൂഡൽഹി: പ്രതിരോധ മേഖലയെ കൂടുതൽ ശക്തമാക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. രാജ്യത്തെ നവീകരണത്തിന്റെയും നൂതന സാങ്കേതികവിദ്യയുടെയും കേന്ദ്രമാക്കി മാറ്റുന്നതിന് വേണ്ടി സർക്കാരിന്റെ പൂർണ പിന്തുണയുണ്ടെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ഡൽഹിയിൽ നടന്ന പ്രതിരോധം-സാങ്കേതികവിദ്യ എന്നിവയെ കുറിച്ചുള്ള സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
ഗവേഷണത്തിലൂടെയും നൂതന സാങ്കേതിവിദ്യയിലൂടെയും പ്രതിരോധ മേഖലയെ കൂടുതൽ ശക്തമാക്കാൻ സഹായിക്കും. അതിന് വേണ്ടിയാണ് ശാസ്ത്രഞ്ജരും ഗവേഷകരും പ്രയത്നിക്കുന്നത്. അക്കാദമിക്, സ്റ്റാർട്ടപ്പുകൾ, യുവസംരംഭകർ എന്നിവർ ഇതിനായി ഒരുമിച്ച് പ്രവർത്തിക്കണം. ഇതിനായി സ്വകാര്യ മേഖലയുടെ പങ്കാളിത്തവും പ്രധാനമാണ്. സ്വകാര്യ മേഖല പ്രതിരോധ മേഖലയ്ക്ക് കരുത്തായി നിലനിൽക്കണം. പുതിയ കണ്ടുപിടിത്തങ്ങൾക്കും മാറ്റങ്ങൾക്കുമായി സ്വകാര്യ മേഖലയ്ക്കും അവസരം നൽകണം.
പ്രതിരോധ മേഖലയുടെ വികസനത്തിനും നവീകരണത്തിനും സർക്കാർ എന്നും പ്രതിജ്ഞാബദ്ധമാണ്. പുതിയ കണ്ടെത്തലുകൾക്ക് യുവാക്കളുടെ സ്റ്റാർട്ടപ്പുകൾ സഹായകമാകും. സ്വകാര്യ മേഖലയുടെ പങ്കാളിത്തം കൊണ്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നാണ് തോന്നുന്നത്. പുതിയ മാറ്റങ്ങളും കണ്ടെത്തലുകളും കൊണ്ടുവരാനുള്ള കഴിവ് സ്വകാര്യ മേഖലയ്ക്കുണ്ട്.
വികസിച്ചുകൊണ്ടിരിക്കുന്ന സായുധസേനയ്ക്ക് കരുത്ത് പകരാൻ സ്വകാര്യമേഖലയ്ക്ക് സാധിക്കും. പ്രതിരോധ മേഖലയിൽ കഴിഞ്ഞ ആറ് വർഷത്തിനിടെ 79 പദ്ധതികൾക്കാണ് സർക്കാർ അനുമതി നൽകിയത്. അതിൽ 18 എണ്ണം നൂതന സാങ്കേതികവിദ്യയിലൂടെ വിജയകരമായി പൂർത്തിയാക്കിയെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.