നടനും അവതാരകനും ആർജെയുമായ മിഥുൻ രമേഷ് മലയാളികൾക്ക് ഏറെ സുപരിചിതനാണ്. ഹ്യൂമർ അടങ്ങിയ ഡിജിറ്റൽ കണ്ടന്റുകളുമായി സോഷ്യൽമീഡിയ കീഴടക്കിയ ലക്ഷ്മി മേനോനാണ് മിഥുന്റെ ജീവിതപങ്കാളി. ഇരുവരുടെയും വീഡിയോകൾക്കും റീലുകൾക്കും വേറെ തന്നെ ആരാധകരുണ്ട്. ലക്ഷ്മി മേനോൻ തിരുപ്പതിയിലെത്തി മൊട്ടയടിച്ചതും ഏറെ ശ്രദ്ധ നേടിയിരുന്നു. ബെൽസ് പാൾസി രോഗത്തിൽ നിന്ന് മിഥുൻ മുക്തി നേടിയപ്പോഴായിരുന്നു നേർച്ചയുടെ ഭാഗമായി ലക്ഷ്മി തിരുപ്പതിയിലെത്തി മൊട്ടയടിച്ചത്. ഇക്കാര്യം പങ്കുവച്ച് മിഥുൻ പങ്കുവച്ച കുറിപ്പ് നിരവധി പേർ നെഞ്ചോടുചേർത്തു. ലക്ഷ്മിയെ പ്രശംസിച്ചും അഭിനന്ദിച്ചും ഒരുപാടാളുകൾ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോൾ മറ്റൊരു തീർത്ഥാടന യാത്രയ്‌ക്ക് ശേഷം ലക്ഷ്മി പങ്കുവച്ച പോസ്റ്റാണ് ഏറെ ശ്രദ്ധേയമാകുന്നത്.
അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിൽ അടുത്തിടെയായിരുന്നു ലക്ഷ്മി ദർശനം നടത്തിയത്. അമ്മയ്‌ക്കും മകൾക്കുമൊപ്പം അയോദ്ധ്യയിൽ നിൽക്കുന്ന ചിത്രവും ലക്ഷ്മി പങ്കുവച്ചു. രാംലല്ലയുടെ ദർശനത്തിനെത്തുന്നവർ സാധാരണയായി ചെയ്യുന്നപോലെ നെറ്റിയിൽ ശ്രീറാം എന്ന് ലക്ഷ്മിയും കുടുംബവും എഴുതിയിരുന്നു. “ഒടുവിൽ രാംലല്ലയുടെ അതിമനോഹരമായ ദർശനം ലഭിച്ചിരിക്കുന്നു” എന്ന അടിക്കുറിപ്പോടെയായിരുന്നു ലക്ഷ്മിയുടെ പോസ്റ്റ്. ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലായതോടെ രസകരമായ കമന്റുകളാണ് ചിത്രങ്ങളെ തേടിയെത്തിയത്.
View this post on Instagram
unfollow button ഞെക്കുന്നുവെന്ന കമന്റ് ഇതുവരെയും എത്തിയില്ലേ ശകുന്തളേ..? ലക്ഷ്മിയെ സംഘിപട്ടം ചാർത്തിയില്ലേ ആരും? ഇവൾ സംഘി എന്ന കമൻ്റുമായി അടിമകൾ വന്നോ? – എന്നെല്ലാമായിരുന്നു ചില കമന്റുകൾ. ശ്രീരാമജയം എന്ന കമന്റാണ് ഭൂരിഭാഗം പേരും പോസ്റ്റ് ചെയ്തിരിക്കുന്നത്.
അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് ഗായിക ചിത്ര ഒരു വീഡിയോ പങ്കുവച്ചത് കേരളത്തിൽ വലിയ വിവാദമായിരുന്നു. വിഗ്രഹങ്ങൾ ഉടഞ്ഞുവെന്ന രീതിയിൽ ചിത്രയ്‌ക്കെതിരെ വലിയ സൈബറാക്രമണവും നടന്നു. ഈയൊരു പശ്ചാത്തലത്തിലാണ് ലക്ഷ്മിയുടെ പോസ്റ്റിന് താഴെ രസകരമായ കമന്റുകൾ ഉയർന്നത്.