പാലക്കാട്-ചേലക്കര ഉപതെരഞ്ഞെടുപ്പ് ഡീൽ മുന്നോട്ടുവച്ച് പി.വി അൻവർ. ഡിഎംകെ സ്ഥാനാർത്ഥികളെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നേതാക്കൾ രംഗത്തെത്തിയെന്നാണ് അൻവർ അവകാശപ്പെടുന്നത്. ഈ സാഹചര്യത്തിൽ കോൺഗ്രസിന് മുൻപിൽ പുതിയൊരു ഡീൽ വച്ചിരിക്കുകയാണ് അൻവർ. പാലക്കാട് യുഡിഎഫിനെ പിന്തുണയ്ക്കാമെന്നും ചേലക്കരയിൽ ഡിഎംകെ സ്ഥാനാർത്ഥിയെ കോൺഗ്രസ് പിന്തുണയ്ക്കണമെന്നുമാണ് അൻവറിന്റെ ആവശ്യം.
ചേലക്കരയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായ രമ്യാ ഹരിദാസിനെ പിൻവലിക്കണമെന്നാണ് പിവി അൻവർ യുഡിഎഫിനോട് ആവശ്യപ്പെട്ടിരിക്കുന്നത്, പകരം ഡിഎംകെ സ്ഥാനാർത്ഥിയെ കോൺഗ്രസ് പിന്തുണയ്ക്കണം. അങ്ങനെയെങ്കിൽ പാലക്കാട് ഡിഎംകെ സ്ഥാനാർത്ഥിയെ പിൻവലിക്കാൻ തയ്യാറാണെന്നും രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കാമെന്നുമാണ് അൻവറിന്റെ വാഗ്ദാനം.
യുഡിഎഫ് നേതാക്കളുമായി ഇപ്പോഴും ചർച്ചകൾ നടത്തുന്നുണ്ടെന്നും അനുകൂല തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും അൻവർ പ്രതികരിച്ചു. തീരുമാനം വൈകിയാൽ ഈ കപ്പൽ പോകും. പ്രഖ്യാപിച്ച സ്ഥാനാർത്ഥികളെ പിൻവലിച്ച ചരിത്രം നേരത്തെയും ഉണ്ടായിട്ടുണ്ട്. ചേലക്കരയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയെ യുഡിഎഫുകാർ പോലും തള്ളിപ്പറയുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അൻവർ കൂട്ടിച്ചേർത്തു. പിണറായിസത്തെ എതിർക്കാനാണ് ഈ ഡീലെന്നും യുഡിഎഫിൽ ചേരാനുള്ള നീക്കമല്ല ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വയനാട്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ പ്രിയങ്കയെ പിന്തുണയ്ക്കുമെന്ന് നേരത്തെ തന്നെ അൻവർ വ്യക്തമാക്കിയിട്ടുണ്ട്.
പിണറായി വിജയന്റെ അരുമയും ഇടതുനേതാവുമായിരുന്ന പിവി അൻവർ അടുത്തിടെയാണ് സിപിഎമ്മുമായി പിണങ്ങി പാർട്ടിയിൽ നിന്ന് പുറത്തുപോയത്. ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രിയുടെ ഓഫീസിനും പിണറായി വിജയനുമെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു അൻവറിന്റെ പുറത്തുപോകൽ. നിലമ്പൂരിൽ നിന്ന് ഇടതുസ്വതന്ത്രനായി മത്സരിച്ച് വിജയിച്ച പിവി അൻവറിനെ സിപിഎമ്മും തള്ളിപ്പറഞ്ഞതോടെ ഡിഎംകെ എന്ന പേരിൽ രാഷ്ട്രീയ കൂട്ടായ്മ പ്രഖ്യാപിക്കുകയായിരുന്നു എംഎൽഎ. കേരളത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ വയനാട് ഒഴികെയുള്ള സീറ്റുകളിൽ ഡിഎംകെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പാലക്കാട് എം.എം മിൻഹാജ്, ചേലക്കര എൻ.കെ സുധീർ എന്നിവരായിരുന്നു സ്ഥാനാർത്ഥികൾ. ഡീൽ നടക്കുകയാണെങ്കിൽ പാലക്കാട് സ്ഥാനാർത്ഥിയെ അൻവർ പിൻവലിക്കും.















