ന്യൂഡൽഹി: ജമ്മു കശ്മീരിലെ ഗന്ദർബാൽ ജില്ലയിലുണ്ടായ ഭീകരാക്രമണം സംബന്ധിച്ച കേസ് എൻഐഎ അന്വേഷിക്കും. ഭീകരാക്രമണമുണ്ടായ സ്ഥലം അന്വേഷണസംഘം ഇന്ന് തന്നെ സന്ദർശിക്കും. പൊലീസ് സൂപ്രണ്ട് റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുന്നത്. ഗന്ദർബാൽ ജില്ലയിൽ ശ്രീനഗർ-ലേ ദേശീയ പാതയിൽ തുരങ്ക നിർമ്മാണം നടക്കുന്ന സ്ഥലത്തിന് സമീപമുണ്ടായ വെടിവയ്പ്പിൽ ഒരു ഡോക്ടറും ആറ് തൊഴിലാളികളും ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടിരുന്നു.
ജോലിക്ക് ശേഷം തിരികെ മടങ്ങുന്നതിനിടെയാണ് ഭീകരർ തൊഴിലാളികൾക്ക് നേരെ വെടിയുതിർത്തത്. ആറോളം പേർക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. മൂന്ന് ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തെ ശക്തമായി അപലപിക്കുകയാണെന്നും, ഭീകരർക്ക് സുരക്ഷാ സേന ശക്തമായ തിരിച്ചടി നൽകുമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളും ആക്രമണത്തെ അപലപിച്ചു. സാധാരണക്കാരെ ആക്രമിച്ചത് ഭീരുത്വം നിറഞ്ഞ നടപടിയാണെന്ന് ഒമർ അബ്ദുള്ള പറഞ്ഞു. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം പാക് ഭീകരസംഘടനയായ ലഷ്കർ ഇ ത്വയ്ബയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ദ റെസിസ്റ്റൻസ് ഫ്രണ്ട് ഏറ്റെടുത്തിട്ടുണ്ട്. ഇന്ത്യൻ സൈന്യത്തിന് വേണ്ടിയാണ് തുരങ്കം നിർമ്മിക്കുന്നതെന്നും, അതിനാലാണ് ആക്രമണം നടത്തിയതെന്നും ടിആർഎഫ് അറിയിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ടിആർഎഫ് മേധാവി ഷെയ്ഖ് സജ്ജാദ് ഗുൽ ആണ് ആക്രമണത്തിന്റെ സൂത്രധാരനെന്നാണ് വിവരം.