പത്തനംതിട്ട: എക്‌സൈസ് ഉദ്യോഗസ്ഥർ മർദ്ദിച്ചതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കിയതായി പരാതി. അടൂർ പഴകുളം സ്വദേശി വിഷ്ണുവിന്റെ ആത്മഹത്യയിലാണ് ബന്ധുക്കൾ പരാതി നൽകിയത്. അയൽവാസിയുടെ പക്കൽ നിന്നും കഞ്ചാവ് പിടിച്ചതിന്റെ പേരിലാണ് വിഷ്ണുവിനെ മർദ്ദിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.
വിഷ്ണുവിന്റെ സുഹൃത്തിൽ നിന്ന് കഴിഞ്ഞ ദിവസം എക്‌സൈസ് കഞ്ചാവ് പിടികൂടിയിരുന്നു. ഇയാൾക്കൊപ്പം വിഷ്ണുവുമുണ്ടായിരുന്നു. ഇതേത്തുടർന്നാണ് എക്‌സൈസ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. വിഷ്ണുവിനെ ചോദ്യം ചെയ്യുന്നതിനിടെ മർദ്ദിച്ചുവെന്നാണ് ആരോപണം. കള്ളക്കേസിൽ കുടുക്കിയതാണെന്നും ആത്മഹത്യ ചെയ്യുമെന്നും വിഷ്ണു അമ്മയോട് പറഞ്ഞിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
അതേസമയം യുവാവിനെ മർദ്ദിച്ചിട്ടില്ലെന്നാണ് എക്‌സൈസ് പറയുന്നത്. വിഷയത്തിൽ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ വി. റോബർട്ട് ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ വിനോദ് ബി നായർക്കാണ് അന്വേഷണ ചുമതല.















