തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
മദ്ധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ കടലിനും മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. ഇത് നാളെ( 22-10-24) രാവിലെയോടെ തീവ്രന്യൂന മർദ്ദമായും 23-ന് ചുഴലിക്കാറ്റായും ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
മദ്ധ്യ പടിഞ്ഞാറൻ അറബിക്കടലിന് മുകളിലായി മറ്റൊരു ന്യൂനമർദ്ദവും സ്ഥിതിചെയ്യുന്നുണ്ട്. കർണാടക തീരത്തിന് മുകളിലായി ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നു. ഇതോടെ കേരളത്തിൽ മഴ ശക്തമാകാനുള്ള സാധ്യതയും വർദ്ധിച്ചു. അടുത്ത ഒരാഴ്ച സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
മഴ തുടരുന്ന സാഹചര്യത്തിൽ കടലാക്രമണത്തിനും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നും കടലിലേക്കുള്ള വിനോദസഞ്ചാരം ഒഴിവാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.