ജെൻസണിന്റെ കല്ലറയ്ക്ക് അരികിൽ വീൽച്ചെയറിൽ ശ്രുതി എത്തി. പ്രീയപ്പെട്ടവന്റെ നാല്‍പ്പത്തിയൊന്നാം നാളിലെ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനാണ് ശ്രുതി എത്തിയത്. ആണ്ടൂര്‍ സിഎസ്ഐ പള്ളിയില്‍ ജന്‍സണായി നടന്ന പ്രത്യേക പ്രാര്‍ത്ഥനാ ചടങ്ങുകൾ നടന്നത്. വീല്‍ ചെയറിൽ ഇരുന്ന് തന്നെയാണ് മുഴുവൻ ചടങ്ങുകളിലും ശ്രുതി പങ്കെടുത്തത് .
വയനാട് ദുരന്തത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട് ശ്രുതിക്ക് കൈത്താങ്ങായത് പ്രതിശ്രുത വരനായ ജെൻസനായിരുന്നു. കഴിഞ്ഞ മാസം കല്‍പ്പറ്റയിൽ നടന്ന വാഹനാപകടത്തില്‍ ശ്രുതിക്ക് ജെന്‍സനെ നഷ്ടമായി. അപകടത്തിൽ പരിക്കേറ്റ ശ്രുതി ആഴ്ചകൾക്ക് ശേഷമാണ് ആശുപത്രി വിട്ടത്. ജെൻസണിന്റെ മരണശേഷവും ശ്രുതിയുടെ കൂടെ ജെൻസണിന്റെ കുടുംബമുണ്ടായിരുന്നു.
ഉരുൾ പൊട്ടലിന് ഒരു മാസം മുൻപായിരുന്നു ജെൻസനുമായി ശ്രുതിയുടെ വിവാഹ നിശ്ചയം നടന്നത്. ദുരന്തത്തിൽ മാതാപിതാക്കളെയും സഹോദരിയെയുമടക്കം കുടുംബത്തിലെ ഒമ്പതുപേരെയാണ് ശ്രുതിക്ക് നഷ്ടമായത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു ശ്രുതി.