വാഷിംഗ്ടൺ: അമേരിക്കയിൽ വീണ്ടും കൂട്ടവെടിവയ്പ്പ്. വാഷിംഗ്ടണിൽ സിയാറ്റിലിന് സമീപം ഫാൾ സിറ്റിയിൽ നടന്ന ആക്രമണത്തിൽ കുട്ടികളടക്കം അഞ്ച് പേർ കൊല്ലപ്പെട്ടു. വീടിനുള്ളിലാണ് വെടിവയ്പ്പുണ്ടായത്. അക്രമിയായ 15-കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൂന്ന് കുട്ടികളും രണ്ട് പ്രായപൂർത്തിയായവരുമാണ് കൊല്ലപ്പെട്ടതെന്ന് കിംഗ് കൗണ്ടി ഷെരീഫ് വ്യക്തമാക്കി. മറ്റൊരു പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
അമേരിക്കൻ സമയം തിങ്കഴാഴ്ച രാവിലെയാണ് ആക്രമണം നടന്നത്. കൊല്ലപ്പെട്ടവരെല്ലാം കുടുംബാംഗങ്ങളാണോയെന്ന കാര്യം വ്യക്തമല്ല. ആക്രമണത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. വീടിനുള്ളിൽ നിന്ന് വെടിയൊച്ചകൾ കേട്ടതായി അയൽക്കാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് സ്ഥലത്തെത്തിയത്.
പരിക്കേറ്റ പെൺകുട്ടിയും പ്രതിയും സഹോദരങ്ങളാണെന്നാണ് പ്രാഥമിക വിവരം. കസ്റ്റഡിയിലെടുത്ത കൗമാരക്കാരനെ കിംഗ് കൗണ്ടിയിലെ ജുവനൈൽ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. പ്രതിയുടെ ആദ്യ ഹിയറിംഗിനായി നാളെ കോടതിയിൽ ഹാജരാക്കുമെന്ന് കൗണ്ടി പ്രോസിക്യൂട്ടിംഗ് അറ്റോർണി ഓഫീസ് അറിയിച്ചു.