മുംബൈ: ആരോഗ്യ പ്രശ്‍നങ്ങൾ കണ്ടെത്തി ചികിത്സിക്കാൻ ടോക്കൺ എടുത്ത് ക്യൂ നിന്ന് ഡോക്ടറെ കാണുന്ന രീതിയൊക്കെ മാറി. മഹാരാഷ്‌ട്രക്കാർ ഇനി എടിഎമ്മിന് മുന്നിൽ പോയിരുന്നാൽ മതി. നിങ്ങളുടെ ആരോഗ്യപ്രശ്‌നത്തിനുള്ള മരുന്നും കുറിപ്പടിയുമെല്ലാം കിട്ടും. സംസ്ഥാനത്തെ ആശുപത്രികളിൽ ‘ക്ലിനിക്‌സ് ഓൺ ക്ലൗഡ്’ എന്നറിയപ്പെടുന്ന ‘ഹെൽത്ത് എടിഎമ്മുകൾ’ സ്ഥാപിക്കാനൊരുങ്ങുകയാണ് മഹാരാഷ്‌ട്ര സർക്കാർ.
45 ഹെൽത്ത് എടിഎമ്മുകളാണ് സ്ഥാപിക്കുന്നത്. ഇതിനായി 25 കോടിയാണ് സർക്കാർ ബജറ്റിൽ നിന്നും വകയിരുത്തിയത്. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 8 പ്രധാന സർക്കാർ ആശുപത്രികളിലാണ് മെഷീൻ സ്ഥാപിക്കുന്നത്. മുംബൈയിലെ കാമ ആശുപത്രിയിലും, നാഗ്പുർ, കോലാപ്പൂർ, ബാരാമതി, ചന്ദ്രപൂർ ഛത്രപതി സംഭാജിനഗർ, പൂനെ എന്നിവിടങ്ങളിലെ മെഡിക്കൽ കോളേജുകളിലും എടിഎമ്മുകൾ സ്ഥാപിക്കും.
ശരീരഭാരം അളക്കാനും രക്തസമ്മർദം, കൊളസ്ട്രോൾ, പൾസ് നിരക്ക്, താപനില, ഓക്സിജൻ സാച്ചുറേഷൻ തുടങ്ങിയ വിവിധ ആരോഗ്യ പരിശോധനകൾക്ക് എടിഎം ഉപയോഗിക്കാം. പ്രമേഹം, മലേറിയ, ലിപിഡ് പ്രൊഫൈൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട രക്ത പരിശോധന നടത്താനും ഇവ ഉപയോഗിക്കാം. മെഷീനുകൾ വൈഫൈ വഴി ബന്ധിപ്പിക്കാം. ഇതിലൂടെ രോഗികൾക്ക് അവരുടെ റിപ്പോർട്ടുകൾ ഫോൺ വഴിയോ ഇമെയിൽ വഴിയോ ലഭ്യമാക്കാം. ഇതിനായി രോഗി മെഷീനിൽ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യണം. ഡോക്ടറുമായുള്ള വീഡിയോ കോൺഫറൻസ് വഴി നിർദ്ദേശം തേടാനുള്ള സൗകര്യവും മെഷീനിലുണ്ട്.
രണ്ട് വർഷം മുൻപാണ് ഹെൽത്ത് എടിഎമ്മുകൾക്ക് പ്രചാരം ലഭിച്ചു തുടങ്ങുന്നത്. ഉത്തർപ്രദേശിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ജില്ലാ ആശുപത്രികളിലും 200 ൽ അധികം ഹെൽത്ത് എടിഎമ്മുകൾ സ്ഥാപിച്ചിട്ടുണ്ട്.