പാലക്കാട്: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പിപി ദിവ്യ അപമാനിച്ചതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ കുടുംബത്തെ പിണറായി വിജയനും പൊലീസും അപമാനിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ സിപിഎം സംരക്ഷിക്കുകയാണെന്നും ഇത്രയും ദിവസം അവരെ ഒളിവിൽ കഴിയാൻ പാർട്ടി സഹായിച്ചെന്നും കെ സുരേന്ദ്രൻ വിമർശിച്ചു. മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ഒരു പിടികിട്ടാപ്പുള്ളിയല്ല, പാർട്ടിയിലെ ഉന്നത നേതാവാണ് ഒളിവിൽ കഴിയുന്നത്. അപ്പോൾ അവരെ പിടികൂടാൻ എന്തുകൊണ്ടാണ് പിണറായിയുടെ പൊലിസിന് സാധിക്കാത്തത്. നവീൻ ബാബുവിന്റെ കുടുംബത്തിന്റെയോ നാട്ടുകാരുടെയോ സഹപ്രവർത്തകരുടെയോ മൊഴിയെടുക്കാൻ പോലും പൊലീസ് തയ്യാറാകുന്നില്ല. ആരാണ് ദിവ്യയെ സംരക്ഷിക്കുന്നതെന്ന് പിണറായി വിജയൻ വ്യക്തമാക്കണം.
ഉപതെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ട് ജനങ്ങളുടെ കണ്ണിൽ പൊടി ഇടാനുള്ള അടവ് നയമാണ് മുഖ്യമന്ത്രിയുടേത്. എന്തുകൊണ്ടാണ് പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കാത്തത്. ഒരു തരത്തിലുള്ള അന്വേഷണവും പൊലീസ് നടത്തുന്നില്ല. വിഷയത്തിൽ ദിവ്യയ്ക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് സമരം കടുപ്പിക്കാനാണ് ബിജെപിയുടെ തീരുമാനമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.