റിലീസിന് പിറ്റേന്ന് മുതൽ വിജയാഘോഷം നടത്തി, ഹിറ്റെന്ന് പ്രചരിപ്പിക്കുന്ന ഒരുപിടി ചിത്രങ്ങൾ ഇന്ന് മലയാളത്തിൽ പുറത്തിറങ്ങുന്നുണ്ട്. വമ്പൻ താരങ്ങളെ അണിനിരത്തി വ്യാപക പ്രെമോഷൻ പരിപാടികൾ നടത്തിയിട്ടും തിയേറ്ററിൽ പച്ചതൊടാതെ പോയ മിക്ക ചിത്രങ്ങളെയും വാങ്ങാൻ ഒടിടിക്കാർക്കും താത്പ്പര്യമില്ല. അങ്ങനെ മാസങ്ങളായി വെളിച്ചം കാണാൻ കാത്തിരിക്കുന്ന ഒരുപിടി ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം.സാക്നിൽക് പ്രകാരമുള്ള കളക്ഷനുകളും എത്രയെന്ന് കാണാം.
ആ പട്ടികയിലെ ഒന്നാമത്തെ ചിത്രം ഫൂട്ടേജാണ്. മഞ്ജുവാര്യർ പ്രധാന കഥാപാത്രമായ ചിത്രം ഓഗസ്റ്റ് 23നാണ് തിയേറ്ററിലെത്തിയത്. എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാന ചെയ്ത ചിത്രം തിയേറ്ററിൽ കൂപ്പുകുത്തി. വിശാഖ് നായർ, ഗായത്രി അശോക് എന്നിവരും പ്രധാന കഥാപാത്രങ്ങളായ ചിത്രം ആഗോള തലത്തിൽ നേടിയത് 41 ലക്ഷമാണെന്ന് സാക്നിൽക് റിപ്പോർട്ട്. ഇതുവരെ ഒടിടി റിലീസ് പ്രഖ്യാപിച്ചിട്ടില്ല.

ഭാവനയുടെ ഹണ്ടിന്റെ അവസ്ഥയും പരിതാപകരമായിരുന്നു.ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം തിയേറ്ററിൽ ദുരന്തമായി. 32 ലക്ഷമാണ് ആഗോള കളക്ഷൻ. ഫൂട്ടേജിനാെപ്പമാണ് റിലീസ് ചെയ്തത്. അതിഥി രവി, രാഹുൽ മാധവ്, അജ്മൽ അമീർ, അനുമോഹൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായത്. ഓഗസ്റ്റ് 23നായിരുന്നു റിലീസ്. ഒടിടിയിൽ ആരും വാങ്ങിയിട്ടില്ല ഇതുവരെ.

സുരേഷന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന ചിത്രം രതീഷ് ബാലകൃഷ്ണ പൊതുവാളാണ് ഒരുക്കിയത്. രാജേഷ് മാധവനും ചിത്രാ നായരുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 26 ലക്ഷം മാത്രം നേടിയ ചിത്രം വൻ ദുരന്തമായി. ഇതുവരെ ഒരു ഒടിടിയും എടുത്തിട്ടില്ല. സംവിധായകനെതിരെ നിർമാതാവും അണിയറ പ്രവർത്തകരും രംഗത്ത് വരികയും ചെയ്തിരുന്നു.

മജു സംവിധാനം ചെയ്ത പെരുമാനിയും ഒടിടിക്കാർക്ക് വേണ്ട. സണ്ണി വെയ്ൻ, ലുക്മാൻ, വിനയ് ഫോർട്ട്, ചെമ്പൻ വിനോദ്,നവാസ് വള്ളിക്കുന്ന്, ദീപ തോമസ്, രാധിക രാധാകൃഷ്ണൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ ചിത്രം ഒരു പരീക്ഷണം കൂടിയായിരുന്നു.63 ലക്ഷമായിരുന്നു കളക്ഷൻ നേടിയത്.

മീര ജാസ്മിൻ, അശ്വിൻ ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വി.കെ.പ്രകാശ് സംവിധാനം ചെയ്ത പാലും പഴവും തിയേറ്ററിൽ ചലനമുണ്ടാക്കിയില്ല. 64 ലക്ഷമാണ് ബോക്സോഫീസിൽ നിന്ന് നേടിയത്. ഫൂട്ടേജ്,ഹണ്ട് എന്നീ ചിത്രങ്ങൾക്കൊപ്പമായിരുന്നു റിലീസ്.ഒടിടി സ്ട്രീമിംഗിന് ഇനിയും കാത്തിരിക്കണം.

അഭയകുമാർ കെ സംവിധാനം ചെയ്ത ‘സീക്രട്ട് ഹോമും ഒടിടി റിലീസിന് കാത്തിരിക്കുയാണ്. ക്രൈം ഡ്രാമാ ചിത്രത്തിൽ ശിവദ, ചന്തുനാഥ്, അപർണ ദാസ്, അനു മോഹൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായത്. 25 ലക്ഷം മാത്രമാണ് നേടാനായത്.

ഇക്കൂട്ടത്തിൽ ഭേദപ്പെട്ട കളക്ഷൻ നേടിയത് മറിമായം ടീമിന്റെ പഞ്ചായത്ത് ജെട്ടി എന്ന ചിത്രമായിരുന്നു. 1.03 കോടിയായിരുന്നു കളക്ഷൻ.മണികണ്ഠൻ പട്ടാമ്പിയും സലിം ഹസനും ചേർന്ന് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രത്തിൽ മറിമായം പരമ്പരയിലെ ഏവരും പ്രത്യക്ഷപ്പെട്ടിരുന്നു. മോശമല്ലാത്ത പ്രതികരണം നേടിയെങ്കിലും കളക്ഷനിൽ പ്രതിഫലിച്ചില്ല. ഒടിടി റിലീസും എന്നെന്ന് അറിയില്ല
















