ന്യൂഡൽഹി: ഇന്ത്യൻ വിമാനസർവ്വീസുകളെ ലക്ഷ്യമിട്ടുളള വ്യാജ ബോംബ് ഭീഷണികൾക്ക് ഇന്നും ശമനമില്ല. ഇൻഡിഗോ, വിസ്താര ഉൾപ്പെടെ 50-ഓളം വിമാനങ്ങൾക്ക് നേരെയാണ് ഇന്ന് ബോംബ് ഭീഷണിയുണ്ടായത്. ഭീഷണി സന്ദേശം എത്തിയതോടെ നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിടുകയും അടിയന്തരമായി ലാൻഡ് ചെയ്യുകയും ചെയ്തു. എല്ലാ സന്ദേശങ്ങളും വ്യാജമാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു.
ബെംഗളൂരുവിൽ നിന്ന് ജിദ്ദയിലേക്ക് പോകുന്ന ഇൻഡിഗോ വിമാനം ദോഹയിലേക്കും, കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് പോകുന്ന വിമാനം റിയാദിലേക്കും, ഡൽഹി-ജിദ്ദ വിമാനം മദീനയിലേക്കും തിരിച്ചുവിട്ടു. കഴിഞ്ഞ ദിവസം 30 വിമാനങ്ങൾക്ക് നേരെ ബോംബ് ഭീഷണിയുണ്ടായിരുന്നു. എയർ ഇന്ത്യയുടെയും ഇൻഡിഗോയുടെയും 13 വിമാനങ്ങൾക്കും ആകാശ എയറിന്റെ 12 വിമാനങ്ങൾക്കും വിസ്താരയുടെ 11 വിമാനങ്ങൾക്കും നേരെയാണ് ഭീഷണി സന്ദേശം എത്തിയത്. വിവിധ എക്സ് അക്കൗണ്ടുകളിലൂടെയാണ് ഭീഷണി സന്ദേശങ്ങൾ എത്തുന്നത്. സന്ദേശം അയച്ചവരെ കണ്ടെത്തുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണ്.
നൂറിലധികം വിമാനങ്ങൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി ഉയർന്ന സാഹചര്യത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് വ്യോമയാന മന്ത്രി റാം മോഹൻ നായിഡു ഇന്നലെ വ്യക്തമാക്കിയിരുന്നു. സുരക്ഷയ്‌ക്കാണ് ഏറ്റവുമധികം പ്രധാന്യം നൽകുന്നതെന്നും വ്യാജ ബോംബ് ഭീഷണി ഉയർത്തുന്നവരെ നോ-ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്തുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
ഒക്ടോബർ 14 മുതലാണ് ഇന്ത്യൻ വിമാനങ്ങൾക്ക് നേരെ വ്യാജ ബോംബ് ഭീഷണികൾ ഉണ്ടാകാൻ തുടങ്ങിയത്. ദിവസങ്ങൾ പിന്നിടും തോറും വ്യാജ സന്ദേശങ്ങളുടെ എണ്ണവും കൂടിയിരുന്നു. തുടർന്ന് വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തു.