ഇന്ത്യൻ സിനിമയിലെ സൂപ്പർ താരം പ്രഭാസിന് ഇന്ന് 45ാം ജന്മദിനം. പിറന്നാളിനോടനുബന്ധിച്ച് പ്രഭാസിന്റെ 6 സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് ആരാധകർക്ക് വേണ്ടി ഇന്ന് വീണ്ടും റിലീസ് ചെയ്യുന്നത്. മിസ്റ്റർ പെർഫെക്റ്റ്, മിർച്ചി, ഛത്രപതി, റിബൽ, ഈശ്വർ, സലാർ എന്നീ ചിത്രങ്ങളാണ് റീ റിലീസ് ചെയ്യുന്നത്. ഇതിന് പുറമെ പ്രഭാസിന്റേതായി വമ്പൻ സിനിമാ പ്രൊജക്ടുകളാണ് അണിയറയിൽ ഒരുങ്ങുന്നതെന്നാണ് വിവരം. ഏകദേശം 2100 കോടിയുടെ പുതിയ പ്രൊജക്ടുകളിലാണ് പ്രഭാസ് ഭാഗമാകാനൊരുങ്ങുന്നത്.
പ്രശാന്ത് നീൽ ഒരുക്കി വൻ വിജയമായ സലാറിന്റെ രണ്ടാംഭാഗം സലാർ2: ശൗര്യംഗ പർവ്വം, സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന സ്പിരിറ്റ്, മാരുതിയുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ദി രാജാസാബ് തുടങ്ങിയ ചിത്രങ്ങളാണ് പ്രഭാസിന്റേതായി പുറത്തിറങ്ങാനിരിക്കുന്നത്. പ്രഭാസിന്റെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ വേഷമാണ് ദി രാജാസാബിലേത്. റൊമാന്റിക് കോമഡി ഹൊറർ വിഭാഗത്തിലാണ് ചിത്രമെത്തുന്നത്. പീപ്പിൾ മീഡിയ ഫാക്ടറി നിർമ്മിക്കുന്ന ചിത്രത്തിൽ നിധി അഗർവാൾ, മാളവിക മോഹൻ എന്നിവരാണ് നായികമാർ.
വൻ വിജയം നേടിയ കൽക്കിയുടെ രണ്ടാം ഭാഗമാണ് അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രം. അടുത്ത വർഷം ഫെബ്രുവരിയോടെ ഇതിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം. ആദ്യ ഭാഗത്തിന്റേത് പോലെ തന്നെ വൻ ബജറ്റിലാണ് ഈ ചിത്രവും ഒരുങ്ങുന്നത്. പ്രഭാസിന്റെ കരിയർ ബ്രേക്ക് ആയി മാറുന്ന ചിത്രമായിരിക്കും ഇതെന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്.
ഇന്ത്യൻ സിനിമയിലെ ഏറ്റവും വിപണി മൂല്യമുള്ള താരമാണ് പ്രഭാസ്. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയിലെ നായക വേഷത്തിന് പിന്നാലെയാണ് പ്രഭാസിന്റെ താരമൂല്യം കുതിച്ചുയർന്നത്. 2002ലാണ് പ്രഭാസിന്റെ സിനിമാലോകത്തേക്കുള്ള അരങ്ങേറ്റം. ജയന്ത് സി.പരഞ്ചെ സംവിധാനം ചെയ്ത ‘ഈശ്വർ’ എന്ന ചിത്രത്തിലൂടെയാണ് പ്രഭാസ് അഭിനയ ജീവിതത്തിന് തുടക്കമിടുന്നത്. അവിടുന്നിങ്ങോട്ട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ഇന്ത്യൻ സിനിമയൊന്നാകെ ശ്രദ്ധിക്കുന്ന തലത്തിലേക്ക് പ്രഭാസിനെ കൈപിടിച്ച് ഉയർത്തിയത് ബാഹുബലിയിലെ അഭിനയമാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രമെന്ന റെക്കോർഡുമായി എത്തിയ ബഹുഭാഷ ചിത്രമായിരുന്നു ബാഹുബലി.