പാലക്കാട്: കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ വോട്ട് യുഡിഎഫിന് മറിഞ്ഞെന്ന സിപിഎം നേതാവ് എ കെ ബാലന്റെ വെളിപ്പെടുത്തലിൽ രൂക്ഷ വിമർശനമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പാലക്കാട്, എൻഡിഎയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തതിന് ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രൻ.
“എൽഡിഎഫിന്റെ വോട്ട് ഷാഫി പറമ്പിലിന് മറിഞ്ഞെന്ന എ കെ ബാലന്റെ തുറന്നുപറച്ചിലിന് അദ്ദേഹത്തിന് അഭിനന്ദനം അറിയിക്കുകയാണ്. ഇക്കാര്യത്തിൽ നേരത്തെ തന്നെ വെളിപ്പെടുത്തലുകൾ ഉണ്ടായിട്ടും മുഖ്യമന്ത്രി പിണറായി വിജയനോ, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനോ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ തവണ ആവർത്തിച്ച തന്ത്രം ഇത്തവണയും ഉപയോഗിക്കുന്നുണ്ടോ എന്ന് കൂടി എ കെ ബാലൻ വ്യക്തമാക്കണം.
സരിനെ ബലിയാടാക്കാനാണോ എൽഡിഎഫ് സ്ഥാനാർത്ഥിയായി നിർത്തിയതെന്ന് സിപിഎം തുറന്നുപറയണം. എൽഡിഎഫ് സ്ഥാനാർത്ഥിയ്‌ക്ക് വേണ്ടി പ്രചാരണം നടത്തുകയും യുഡിഎഫിന് വോട്ട് മറിക്കുകയും ചെയ്യുന്നത്, രാഷ്‌ട്രീയ സദാചാരത്തിനും രാഷ്‌ട്രീയ മാന്യതയ്‌ക്കും നിരക്കാത്ത കാര്യമാണ്. കഴിഞ്ഞ തവണ ബിജെപിയെ തോൽപ്പിക്കാനായി എൽഡിഎഫ് അത് ചെയ്തു.
എൽഡിഎഫും യുഡിഎഫും തമ്മിൽ രാഷ്‌ട്രീയ ഡീലൂണ്ടെന്ന ആരോപണങ്ങളും ഉയരുകയാണ്. ഇത് ബിജെപി മാത്രമല്ല , യുഡിഎഫിനെ പിന്തുണയ്‌ക്കാൻ തീരുമാനിച്ച പി വി അൻവറിനെ പോലുള്ള ആളുകളും പറഞ്ഞുകൊണ്ടിരിക്കുന്നു. എൽഡിഎഫും യുഡിഎഫും തമ്മിൽ വ്യക്തമായൊരു ഡീലുണ്ട്. ചേലക്കര ഞങ്ങൾ പാലക്കാട് നിങ്ങൾ എന്നതാണ് യുഡിഎഫിന്റെയും എൽഡിഎഫിന്റെയും ഡീൽ”.
വോട്ടുകൾ ഒരാൾക്ക് പോകാനാണെങ്കിൽ എന്തിനാണ് എൽഡിഎഫിനും യുഡിഎഫിനും പ്രത്യേകം സ്ഥാനാർത്ഥികൾ. വി ഡി സതീശനെ പ്രതിപക്ഷ നേതാവെന്ന് വിളിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. സംസ്ഥാന സർക്കാരിന്റെ പ്രശ്നങ്ങൾ മറന്ന് കേന്ദ്ര സർക്കാരിന്റെ കുറവുകൾ കണ്ടെത്താനാണ് യുഡിഎഫും എൽഡിഎഫും ശ്രമിക്കുന്നത്. കേരളത്തെ ബാധിക്കുന്ന വിഷയങ്ങളൊന്നും ഇവിടെ ചർച്ച ചെയ്യുന്നില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.