കോഴിക്കോട്: അഴിമതി ആരോപണത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത കണ്ണൂർ എഡിഎം നവീൻ ബാബുവിന് നീതി കിട്ടുന്നതിന് വേണ്ടി ഏതറ്റം വരെയും പോകുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. നവീൻ ബാബുവിന്റെ ആത്മഹത്യയിൽ കുറ്റക്കാരായവരെ വെറുതെ വിടില്ലെന്നും കണ്ണൂർ കളക്ടർക്ക് കേസുമായി യാതൊരു ബന്ധവുമില്ലെന്നും മന്ത്രി പറഞ്ഞു. ലാൻഡ് റവന്യൂ ജോയിൻ കമ്മീഷണറുടെ റിപ്പോര്‍ട്ടിനെ കുറിച്ച് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ലാൻഡ് റവന്യൂ ജോയിൻ കമ്മീഷണർ എ ഗീതയുടെ റിപ്പോർട്ട് ഇതുവരെ കിട്ടിയിട്ടില്ല. കിട്ടിയതിന് ശേഷം അത് വിശദമായി പരിശോധിക്കും. റവന്യൂവുമായി ബന്ധപ്പെട്ട കേസിൽ സമഗ്ര അന്വേഷണം ഉണ്ടായിരിക്കും. നവീൻ ബാബു അങ്ങനെയൊന്നും ചെയ്യില്ലെന്ന് ആദ്യം പറഞ്ഞയാളാണ് ഞാൻ. ആ അഭിപ്രായത്തിൽ ഇപ്പോഴും ഒരു മാറ്റവുമില്ല. എന്റെ അഭിപ്രായത്തിൽ ഉറച്ച് തന്നെയാണ് നിൽക്കുന്നത്. റവന്യൂ വകുപ്പിന് നൽകാൻ കഴിയുന്ന ഏറ്റവും വലിയ അന്വേഷണം തന്നെ ഈ കേസിന് നൽകും.
ഒരു കാര്യം ഉറപ്പിച്ച് പറയാം, കുറ്റക്കാരെ വെറുതെ വിടില്ല. റവന്യൂ കുടുംബത്തിന്റെ വളരെ ഗൗരവകരമായ പ്രശ്നമാണിത്. റവന്യൂ കുടുംബത്തിലെ ഒരംഗം നഷ്ടപ്പെട്ടതിനെ കുറിച്ച് ഗൗരവകരമായി തന്നെ അന്വേഷണം നടത്തും. ഏതറ്റം വരെ പോകേണ്ടി വന്നാലും നവീനോടും കുടുംബത്തോടും സർക്കാർ നീതി പുലർത്തുക തന്നെ ചെയ്യും.
നവീനെ കുറിച്ച് ഇതുവരെയും ഒരു മോശം അഭിപ്രായം ഉണ്ടായിട്ടില്ല. വളരെ സത്യസന്ധനായ ഉദ്യോഗസ്ഥനാണ് എന്ന അഭിപ്രായത്തിൽ ഞാൻ ഉറച്ച് നിൽക്കുന്നു. പി.പി ദിവ്യ ഒളിവിൽ കഴിയുന്നത് ശരിയാണോ എന്ന ചോദ്യത്തിന് യെസ് എന്നോ നോ എന്നോ പറയാൻ കഴിയില്ല എന്നായിരുന്നു മന്ത്രിയുടെ മറുപടി.















