മുംബൈ: മഹാരാഷ്‌ട്ര മുൻ മന്ത്രിയും എൻസിപി നേതാവുമായിരുന്ന ബാബാ സിദ്ദിഖിന്റെ മകൻ സീഷൻ സിദ്ദിഖ് എൻസിപിയിൽ ചേർന്നു. മഹാരാഷ്‌ട്ര ഉപ മുഖ്യമന്ത്രി അജിത് പവാറിന്റെ സാന്നിധ്യത്തിലായിരുന്നു സീഷൻ എൻസിപിയിൽ അംഗത്വമെടുത്തത്.
2019ലെ തെരഞ്ഞെടുപ്പിൽ കിഴക്കൻ വന്ദ്രേ മണ്ഡലത്തിൽ മത്സരിച്ച സീഷൻ ശിവസേനയുടെ വിശ്വനാഥ് മഹാദേശ്വരിനെ പാരജയപ്പെടുത്തിയിരുന്നു. വരുന്ന തെരഞ്ഞെടുപ്പിൽ കിഴക്കൻ വന്ദ്രേ മണ്ഡലത്തിൽ എൻസിപി സ്ഥാനാർത്ഥിയായി സീഷൻ സിദ്ദിഖ് മത്സരിക്കും.
തന്നെയും കുടുംബത്തെയും സംബന്ധിച്ചിടത്തോളം വൈകാരിക ദിനമാണെന്ന് എൻസിപിയിൽ ചേർന്ന ശേഷം സീഷൻ പറഞ്ഞു. പ്രയാസങ്ങൾ നേരിടുന്ന സമയത്തും തന്നിൽ വിശ്വാസമർപ്പിച്ച അജിത് പാവാറിനും, പ്രഫുൽ പട്ടേലിനും മറ്റ് നേതാക്കൾക്കും അദ്ദേഹം നന്ദി അറിയിച്ചു. ” വാന്ദ്രേ ഈസ്റ്റിൽ എൻസിപി സ്ഥാനാർത്ഥിയായി ഞാൻ മത്സരിക്കും. എല്ലാവരുടെയും സ്‌നേഹത്തോടെയും പിന്തുണയോടെയും വീണ്ടും വാന്ദ്രേ ഈസ്റ്റിൽ നിന്നും വിജയിക്കാൻ സാധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.”- സീഷൻ സിദ്ദിഖ് പറഞ്ഞു.
പിതാവിന്റെ മരണ ശേഷം വളരെയധികം ദുഃഖമാണ് തങ്ങളുടെ കുടുംബം അനുഭവിക്കുന്നത്. പ്രയാസകരമായ സമയത്ത് കോൺഗ്രസ് നേതാക്കളും മഹാ വികാസ് അഘാഡി നേതാക്കളും തങ്ങൾക്കൊപ്പം നിൽക്കുമെന്ന് വിചാരിച്ചു. എന്നാൽ അവർ തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മഹാ വികാസ് അഘാഡി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കൂടാതെ കോൺഗ്രസ് സിറ്റിംഗ് സീറ്റ് ശിവസേന (യുബിടി)ക്ക് നൽകി. കുറച്ചു ദിവസങ്ങൾ മുമ്പ് വരെ തനിക്കൊപ്പം നിന്ന നേതാക്കൾ പ്രയാസകരമായ സമയത്ത് വഞ്ചിക്കുകയായിരുന്നുവെന്നും സീഷൻ സിദ്ധിഖ് വ്യക്തമാക്കി.
പാർട്ടി തന്നെ കൈവിട്ടപ്പോൾ പിന്തുണ നൽകിയത് ഉപമുഖ്യമന്ത്രി അജിത് പവാർ ആയിരുന്നു. അദ്ദേഹം തന്നെ എൻസിപിയിലേക്ക് ക്ഷണിച്ചെന്നും പിതാവിന്റെ ആഗ്രഹം സഫലമാക്കാൻ പിന്തുണച്ചെന്നും സീഷൻ പറഞ്ഞു. വന്ദ്രേ ഈസ്റ്റിൽ മത്സരിച്ച് വിജയിക്കണമെന്നും ജനങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനായി പോരാടണമെന്നും പിതാവിന്റെ പൂർത്തികരിക്കാതെ പോയ സ്വപ്‌നമാണ്. അത് നിറവേറ്റുന്നതിനായി താൻ പോരാടുമെന്നും സീഷൻ വ്യക്തമാക്കി. ശിവസേന (യുബിടി) നേതാവ് അരുൺ സർദേശായിക്കെതിരെയാണ് സീഷൻ മത്സരിക്കുന്നത്.