മലപ്പുറം : ടൂറിസം പൊതു മരാമത്ത് വകുപ്പുകളുടെ മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി കാരാട്ട് റസാക്ക്
മണ്ഡലത്തിൽ താൻ കൊണ്ടുവന്ന വികസന പ്രവർത്തനങ്ങൾ മന്ത്രി മുഹമ്മദ് റിയാസ് അട്ടിമറിക്കുകയാണെന്നാണ് കാരാട്ട് റസാഖ് ആരോപിക്കുന്നത്. സിപിഎമ്മിനെതിരെയും കാരാട്ട് റസാഖ് കടുത്ത പരാമർശങ്ങൾ നടത്തി.
“സി.പി.എം ലോക്കൽ, ഏരിയ കമ്മിറ്റികളിൽ എടുത്ത തീരുമാന പ്രകാരമാണ് വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കുന്നത്. വികസനങ്ങൾ അട്ടിമറിക്കുന്നതിന് പിന്നിൽ മന്ത്രി മുഹമ്മദ് റിയാസ് ആണ്. താൻ ഉയർത്തിയ വിഷയങ്ങളിൽ തീരുമാനം പുനഃപരിശോധിക്കാൻ ഒരാഴ്ച കാത്തുനിൽക്കുമെന്നും അല്ലാത്തപക്ഷം തന്റെ നിലപാട് വ്യക്തമാക്കും” റസാഖ് പറഞ്ഞു.
“രണ്ട് പരാതികൾ താൻ സി.പി.എമ്മിന് നൽകിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ തന്നെ പരാജയപ്പെടുത്താൻ ചിലർ ശ്രമിച്ചതിനെ കുറച്ചാണ് പരാതി നൽകിയത്. ഈ പരാതിയിൽ മൂന്ന് വർഷം കഴിഞ്ഞിട്ടും പാർട്ടിയുടെ മറുപടി ലഭിച്ചിട്ടില്ല”.
“വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കുന്നതിനെ കുറിച്ചായിരുന്നു തന്റെ രണ്ടാമത്തെ പരാതി. എന്നാൽ, ഈ പരാതിയിലും സി.പി.എമ്മിന്റെ മറുപടി ഇതുവരെ ലഭിച്ചിട്ടില്ല” കാരാട്ട് റസാഖ് പറഞ്ഞു.