തൃശൂർ: വീട്ടുമുറ്റത്ത് കട്ട ഇറക്കുന്നത് തടഞ്ഞ് സിഐടിയു ചുമട്ടുതൊഴിലാളികൾ. തൃശൂർ പാലിശ്ശേരി സ്വദേശി വിശ്വനാഥന്റെ വീട്ടിൽ അറ്റകുറ്റപണികൾക്കായി കൊണ്ടുവന്ന കട്ടകൾ അതിഥി തൊഴിലാളികൾ ഇറക്കുന്നിതനിടയിലാണ് സിഐടിയു തൊഴിലാളികൾ തടഞ്ഞത്.
പെട്ടിയോട്ടയിൽ കൊണ്ടുവന്ന 100 സിമന്റ് കട്ടകൾ ഇറക്കുന്നതിനിടെയാണ് തടഞ്ഞത്. അതിഥി തൊഴിലാളികൾ ഇറക്കേണ്ടെന്നും വീട്ടുകാർക്ക് വേണമെങ്കിൽ കട്ടകൾ ഇറക്കാമെന്നായിരുന്നു സിഐടിയുവിന്റെ നിലപാട്. പിന്നാലെ വാക്കേറ്റവും തർക്കവുമായി ഒടുവിൽ വിശ്വനാഥനും ഭാര്യ സംഗീതയും ചേർന്ന് സിമന്റ് കട്ടകൾ മുഴുവനും ഇറക്കി. ഇറക്കി കഴിയുന്നത് വരെ ചുമട്ടു തൊഴിലാളികൾ വീടിന് പുറത്ത് കാവൽ നിൽക്കുകയും ചെയ്തു.
സിഐടിയു തൊഴിലാളികൾ തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും വിശ്വനാഥൻ പറഞ്ഞു. ജില്ലാ കളക്ടർക്ക് രേഖാമൂലം പരാതി നൽകാനൊരുങ്ങുകയാണ് വിശ്വനാഥൻ.