തിരുവനന്തപുരം: ദുബായിൽ മരിച്ച തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടർന്നാണ് മൃതദേഹം കൊണ്ടുവരുന്നതിനുളള തടസങ്ങൾ നീങ്ങിയത്. രാവിലെ മൂന്ന് മണിയ്ക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.
ഈ മാസം 19-ാം തീയതിയാണ് പേരുർക്കട സ്വദേശിയായ അഭിദേവിനെ ദുബായിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ബന്ധുക്കളെ വിവരമറിയിച്ചു. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിക്കാൻ വൈകും എന്നായതോടെ ബന്ധുക്കൾ സുരേഷ് ഗോപിയെ സമീപിച്ചു. തുടർന്ന് മന്ത്രി ഇടപെട്ട് നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് അയക്കുകയായിരുന്നു.
വിവരം അറിഞ്ഞ ഉടനെ സുരേഷ് ഗോപിയെ വിളിച്ചെന്നും സഹായിക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിരുന്നതായും യുവാവിന്റെ കുടുംബം പ്രതികരിച്ചു. എല്ലാ വിവരങ്ങളും ഇമെയിൽ അയക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. പിന്നീടുള്ള വിവരങ്ങൾ അദ്ദേഹത്തിന്റെ പിഎയാണ് വിളിച്ച് അറിയിച്ചിരുന്നതെന്നും ബന്ധു പറഞ്ഞു.
വീട്ടിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തിൽ സംസ്കരിച്ചു.