12 വർഷത്തിന് ശേഷം നാട്ടിലൊരു പരമ്പര തോൽവി, ഇന്ത്യ കടന്നുപോകുന്നത് രൂക്ഷ വിമർശനങ്ങൾക്ക് നടുവിലൂടെയാണ്. എന്ത് വിലകൊടുത്തും അവസാന മത്സരത്തിൽ ജയിക്കുകയല്ലാതെ രോഹിത്തിനും സംഘത്തിനും മറ്റു മാർഗങ്ങളില്ല. ഗംഭീർ പരിശീലക ചുമതല ഏറ്റെടുത്ത ശേഷം ടെസ്റ്റിലെ ആദ്യ പരമ്പര തോൽവിയാണിത്.
ഇതോടെ കടുത്ത തീരുമാനത്തിലേക്ക് പരശീലകനും ടീം മാനേജ്മെന്റും മാറിയെന്നാണ് റിപ്പോർട്ടുകൾ. ആദ്യഘട്ടമായി പരിശീലനം ഓപ്ഷണലാക്കുന്ന രീതി റദ്ദാക്കിയെന്നാണ് സൂചന. മുതിർന്ന താരങ്ങളായ വിരാട് കോലി, രോഹിത് ശർമ്മ, ജസ്പ്രീത് ബുമ്ര എന്നിവർക്കും ഇത് ബാധകമാണ്. ഇതോടെ ഇവർക്കാർക്കും പരിശീലന സെഷനുകൾ ഒഴിവാക്കാനാകില്ല.
തുടർച്ചയായി മത്സരങ്ങൾ വരുമ്പോൾ മുതിർന്ന താരങ്ങൾക്ക് പരിശീലന സെഷനുകളിൽ ഇളവ് അനുവാദിക്കാറുണ്ടായിരുന്നു. പരിക്കിന്റെ സാദ്ധ്യത ഒഴിവാക്കാനായിരുന്നു ഇത്. എന്നാൽ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് പ്രകാരം ഈ ആനുകൂല്യം ടീം മാനേജ്മെന്റ് റദ്ദാക്കി. രണ്ടാം മത്സരത്തിലെ തോൽവിക്ക് പിന്നാലെ കോലിയും രോഹിത്തും കെ.എൽ രാഹുലും കുടുംബങ്ങളെ കാണാൻ ടീം ക്യാമ്പ് വിട്ടിരുന്നു.
ഇവർ മൂന്നാം ടെസ്റ്റ് ആരംഭിക്കുന്ന രണ്ടുദിവസം മുൻപ് പരിശീലനത്തിന് എത്തണമെന്നാണ് നിർദ്ദേശം. 30,31നും മുതിർന്ന താരങ്ങൾ പരിശീലനത്തിൽ പങ്കെടുത്തിരിക്കണം. തോൽവികൾ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ സാദ്ധ്യതകളെയും ചോദ്യം ചെയ്തതോടെയാണ് തീരുമാനം.