കൊച്ചി: വഖഫ് അധിനിവേശ വിരുദ്ധ സമരത്തിൽ കൈകോർത്ത് ഹൈന്ദവ-ക്രൈസ്തവ സമുദായ സംഘടനകൾ. ക്രൈസ്തവ സംഘടനകളും വൈദികരും നേതൃത്വം നൽകുന്ന സമരത്തിന് വിവിധ ഹൈന്ദവ സമുദായ സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ എസ്എൻഡിപി സംഘടനയിൽപെട്ടവർ നിരാഹാര സമരത്തിൽ പങ്കെടുത്തു.
ഘട്ടഘട്ടമായി സമരം കടുപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ജനകീയ സമരസമിതി. ഒരു ലക്ഷത്തോളം പേരെ പങ്കെടുപ്പിച്ചുള്ള സെക്രട്ടറിയേറ്റ് മാർച്ച് ഉൾപ്പെടെ ശക്തമായ തുടർ സമരങ്ങൾക്ക് തയ്യാറെടുക്കുകയാണ് സഭാ നേതൃത്വം. വഖഫ് ബോർഡ് ആസ്ഥാനത്തേക്കുള്ള പ്രതിഷേധമാർച്ച് ഉൾപ്പടെയുള്ള സമരപരിപാടികൾ നടത്താനാണ് ജനകീയസമിതിയുടെ തീരുമാനം.
പ്രതിപക്ഷവും ഭരണപക്ഷവും തങ്ങളെ ചതിച്ചെന്ന് നാട്ടുകാർ പറയുന്നു. വോട്ടുബാങ്ക് രാഷ്‌ട്രീയത്തിനായി തങ്ങളെ കരുവാക്കുകയാണ്. ഇടത് വലത് സംഘടനകളിൽ പ്രവർത്തിക്കുന്നവരെ സമരപന്തലിൽ എത്താൻ പോലും അനുവദിക്കുന്നില്ല. ഇവിടെ നിന്ന് ഒരു ജീവനെങ്കിലും പൊലിഞ്ഞാൽ മാത്രമേ നടപടിയെടുക്കൂ എന്ന തീരുമാനത്തിലാണോ മുഖ്യമന്ത്രിയെന്നും ജനങ്ങൾ ചോദിക്കുന്നു. ഇവിടെ കിടന്ന് മരിക്കേണ്ടി വന്നാലും വഖഫിന് ഈ മണ്ണ് വിട്ടുകൊടുക്കില്ലെന്നും നാട്ടുകാർ വ്യക്തമാക്കുന്നു.
600-ലധികം കുടുംബങ്ങൾ 16 ദിവസമായി മുനമ്പത്ത് സമരം നടത്തുന്നുണ്ടെങ്കിലും ഭരണ, പ്രതിപക്ഷ പാർട്ടികൾ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. സെപ്റ്റംബർ 27-ന് ശ്രദ്ധ തിരിക്കൽ സമരത്തോടെയായിരുന്നു മുനമ്പത്തെ സമരത്തിന് തുടക്കം കുറിച്ചത്. സമരത്തിന്റെ 25-ാം ദിവസം വഖഫ് ബോർഡ് ആസ്ഥാനത്തേക്കും ഫോർട്ട് കൊച്ചി തഹസിൽദാർ ഓഫീസിലേക്കും മാർച്ച് നടത്താനുള്ള തയ്യാറെടുപ്പിലാണ് സമരസമിതി.
സമരത്തിന്റെ 50-ാം ദിവസമാകും ഒരു ലക്ഷത്തോളം പേരെ പങ്കെടുപ്പിച്ച് കൊണ്ട് സെക്രട്ടറിയേറ്റ് മാർച്ച് സംഘടിപ്പിക്കുക. വിജയം വരെ സമരം തുടരുമെന്നും മുനമ്പം വേളാങ്കണ്ണി മാതാ പള്ളി വികാരി ആൻ്റണി സേവ്യർ തറയിൽ അറിയിച്ചു.















