സൂപ്പർസ്റ്റാർ രജനികാന്തിന്റെ വേട്ടയ്യനും ജൂനിയർ എൻടിആറിന്റെ ദേവരയും ഒടിടി റിലീസിന്. സമ്മിശ്ര അഭിപ്രായങ്ങളുമായി മുന്നേറിയ ഇരു ചിത്രങ്ങളും ബോക്സോഫീസിൽ വലിയ തരംഗം സൃഷ്ടിച്ചില്ല. വേട്ടയ്യന് ഇതുവരെ ഇന്ത്യൻ ബോക്സോഫീസിൽ നിന്ന് 145 കോടി നേടാനെ സാധിച്ചിട്ടുള്ളു. എന്നാൽ ആഗോളതലത്തിൽ കളക്ഷൻ 420 കോടിയോളം പിന്നിട്ടു. ജൂനിയർ എൻടിആറിന്റെ ദേവര ആഗോളതലത്തിൽ 419 കോടിയാണ് നേടിയത്. ഇന്ത്യയിൽ നിന്ന് മാത്രം 290 കോടിയാണ് കളക്ഷൻ.
വമ്പൻ താരനിരയാണ് വേട്ടയ്യനിൽ അണിനിരന്നത്. അമിതാഭ് ബച്ചൻ, മഞ്ജു വാര്യർ, ഫഹദ് ഫാസിൽ, റാണ ദാഗ്ഗുബദി, ഋത്വിക സിംഗ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ടി.ജി ജ്ഞാനവേൽ സംവിധാനം ചെയ്ത ചിത്രം നവംബർ ഏഴിനാണ് സ്ട്രീം ചെയ്യുന്നത്. ആമസോൺ പ്രൈമിലാണ് ചിത്രമെത്തുക.
ജൂനിയർ എൻടിആറിനൊപ്പം സെയ്ഫ് അലിഖാനും ജാൻവി കപൂറും തിളങ്ങിയ ദേവര കൊരട്ടാല ശിവ സംവിധാനം ചെയ്ത ചിത്രം ആക്ഷൻ മാസ് എന്റർടൈനറായിരുന്നു. ചൈത്രാ റായി, ശ്രുതി മറാത്തേ,ഷൈൻ ടോം ചാക്കോ, മുരളി ശർമ്മ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അനിരുദ്ധിന്റെ ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടു. കഴിഞ്ഞ മാസം 27-നാണ് ചിത്രം തിയേറ്ററിലെത്തിയത്. നെറ്റ്ഫ്ലിക്സിൽ നവംബർ എട്ടിനാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.