ന്യൂഡൽഹി: രാജ്യത്തെ വിമാനസർവ്വീസുകൾ ലക്ഷ്യമിട്ട് നുണബോംബ് ഭീഷണികൾക്ക് കുറവില്ല. 100 ലധികം സർവ്വീസുകൾക്ക് നേരെ ചൊവ്വാഴ്ചയും ഭീഷണിയുണ്ടായി. കഴിഞ്ഞ 16 ദിവസത്തിൽ 500 ലധികം സർവ്വീസുകൾക്കാണ് സമാനമായ രീതിയിൽ നുണബോംബുകൾ ഭീഷണിയായത്.
വ്യാജ ഭീഷണികളിൽ അധികവും സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നാണ്. നേരത്തെ പതിവായി ഭീഷണി വന്ന അക്കൗണ്ടുകളിൽ ചിലത് പൂട്ടിച്ചിരുന്നു. എന്നാൽ അതിന് ശേഷവും മറ്റ് അക്കൗണ്ടുകൾ വഴി ഇത് തുടരുകയാണ്.
ചൊവ്വാഴ്ച എയർ ഇന്ത്യയുടെ മാത്രം 36 വിമാന സർവ്വീസുകൾക്ക് നേരെ നുണബോംബ് ഭീഷണിയുണ്ടായി. ഇൻഡിഗോയുടെ 35 വിമാനങ്ങൾക്കും വിസ്താരയുടെ 32 സർവ്വീസുകൾക്കും നേരെ ഭീഷണിയുണ്ടായി.
നുണബോംബ് ഭീഷണി പ്രത്യക്ഷപ്പെട്ട എക്‌സ് അക്കൗണ്ട് ഉടമയ്‌ക്കെതിരെ മുംബൈ പൊലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തു. ഇൻഡിഗോയ്‌ക്കും എയർ ഇന്ത്യയ്‌ക്കും വിസ്താരയ്‌ക്കും ഈ അക്കൗണ്ടിൽ നിന്നും നുണബോംബ് ഭീഷണിയുണ്ടായിരുന്നു. ഒക്ടോബറിൽ മാത്രംമുംബൈ പൊലീസ് 14 എഫ്‌ഐആറുകളാണ് നുണബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത്.
യാത്ര മുടക്കുന്നില്ലെങ്കിലും എല്ലാ പരിശോധനകളും സുരക്ഷാ നടപടികളും സ്വീകരിച്ചാണ് ഭീഷണി ഉയരുന്ന വിമാനങ്ങൾ വിമാനത്താവളങ്ങളിൽ ലാൻഡ് ചെയ്യുന്നതും പറന്നുയരുന്നതും.















