തിരുവന്തപുരം: ഹിന്ദുമതത്തോട് അവജ്ഞയുളളവരാണ് ദേവസ്വം ബോർഡിന്റെ തലപ്പത്തുള്ളതെന്ന് കെ.പി ശശികല ടിച്ചർ. തമിഴ്നാട്ടിൽ സ്റ്റാലിനും മകനും സനാതന ധർമ്മത്തിന്റെ ഉമ്നൂലനമാണ് തങ്ങളുടെ ജീവിത ലക്ഷ്യമെന്ന് തുറന്നു പറഞ്ഞു. ഇവിടെ അത് പറയുന്നില്ല, അത് മാത്രമാണ് വ്യത്യാസം. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തെ ഹിന്ദുമത പാഠശാല അടച്ചു പൂട്ടിയ വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു ടീച്ചർ.
മതപാഠ ശാലയ്ക്ക് ഗ്രാന്റ് കൊടുക്കാനുള്ള സംവിധാനം ദേവസ്വം ബോർഡിനുണ്ട്. മതപാഠശാലകൾ നടക്കരുതെന്നാണ് അവരുടെ കാഴ്ചപ്പാട്. അതുകൊണ്ട് അടച്ചു പൂട്ടിയതിൽ അതിശയം തോന്നുന്നില്ല. ഹിന്ദു ധർമ്മത്തോട് താത്പര്യമുണ്ടായിരുന്നെങ്കിൽ പാഠശാലയുടെ പ്രവർത്തനം അവസാനിപ്പിക്കില്ല. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ അനാവശ്യമായ പോസ്റ്റ് സൃഷിച്ച് ജീവനക്കാരെ തിരുകി കയറ്റുകയാണ്. അത്തരക്കാർക്ക് ശമ്പളം കൊടുക്കാൻ പണമുണ്ട്. പക്ഷെ മതപാഠശാലയുടെ നടത്തിപ്പിന് പണമില്ല. കമ്യൂണിസ്റ്റുകാരിൽ നിന്ന് കൂടുതൽ എന്താണ് പ്രതീക്ഷിക്കാവുന്നതെന്നും ശശികല ടീച്ചർ ചോദിച്ചു.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നന്ദൻകോട് ആസ്ഥാനത്തെ ഹിന്ദുമത വേദാനന്ത സംസ്കൃത പാഠശാലയാണ് വർഷങ്ങളായി അടഞ്ഞു കിടക്കുന്നത്. ദേവസ്വം ബോർഡ് ഫണ്ട് അനുവദിക്കാത്താണ് മതപാഠശാലയുടെ പ്രവർത്തനം നിലയ്ക്കാൻ കാരണമായത്. വേദവും സംസ്കൃതവും പഠിപ്പിക്കേണ്ട പാഠശാല ഇന്ന് പാഴ്വസ്തുക്കൾ സൂക്ഷിക്കുന്ന ഇടമാണ്. നിലവിൽ ക്യാന്റീനിലെ പഴയ പാത്രങ്ങളും കസേരയും മേശയും മറ്റ് ഉപയോഗശൂന്യമായ വസ്തുക്കളുമാണ് ഈ കെട്ടിടത്തിൽ സൂക്ഷിച്ചിരിക്കുന്നത്.