രക്ഷയാകേണ്ട കരങ്ങൾ ഹീനകൃത്യം ചെയ്ത നടുക്കുന്ന വാർത്തയാണ് കൊൽക്കത്തയിൽ നിന്ന് വരുന്നത്. രോഗിയെ മയക്കി കിടത്തി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. നോർത്ത് 24 പർഗനാസിലെ ഹസ്നാബാദിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. സംഭവത്തിൽ പ്രതിയായ ഡോ. നൂർ അലം സർദാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
26-കാരിയായ രോഗി പരിശോധനയ്‌ക്ക് എത്തിയപ്പോൾ മയക്കുമരുന്ന് നൽകി മയക്കികിടത്തി ഡോക്ടർ പീഡിപ്പിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയ ഡോക്ടർ പിന്നീട് ഭീഷണിപ്പെടുത്തി നാല് ലക്ഷം രൂപ കൈപ്പറ്റുകയും ചെയ്തു. വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുമെന്ന് പേടിപ്പിച്ച് പലതവണ ഡോക്ടർ ബലാത്സംഗത്തിന് ഇരയാക്കിയാതായും ഹസ്നാബാദ് പൊലീസിന് നൽകിയ പരാതിയിൽ യുവതി പറയുന്നു.
സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് ഉടൻ തന്നെ ഡോക്ടറെ ക്ലിനിക്കിൽ നിന്ന് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടതായി എസ്പി ഹുസൈൻ മെഹേദി റെഹ്മാൻ അറിയിച്ചു.