ചെന്നൈ: IPL 2025 മെഗാ ലേലത്തിന് മുമ്പ് ചെന്നൈ സൂപ്പർ കിംഗ്‌സ് ( CSK ) മുൻ ക്യാപ്റ്റൻ രവീന്ദ്ര ജഡേജയെ റിലീസ് ചെയ്‌തേക്കുമെന്ന് സൂചന. താരങ്ങളെ നിലനിർത്താനുള്ള സമയ പരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. താരത്തെ ടീം നിലനിർത്തില്ലെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പകരം മെഗാ ലേലത്തിൽ ഋഷഭ് പന്തിനെ ടീമിലെത്തിക്കാനാണ് ഫ്രാഞ്ചൈസിയുടെ നീക്കമെന്നാണ് സൂചന. ഇതിനായി പേഴ്സിൽ വലിയൊരു തുക വേണ്ടി വരുമെന്നിരിക്കെയാണ് ജഡേജയെ ടീം റിലീസ് ചെയ്തേക്കുമെന്നുള്ള അഭ്യൂഹങ്ങൾ പരക്കുന്നത്. അതേസമയം നിലവിലെ ക്യാപ്റ്റൻ ഋതുരാജ്, ഗെയ്ക്‌വാദ് മതീഷ പതിരണ, എംഎസ് ധോണി എന്നിവരെ നിലനിർത്താനുള്ള ഒരുക്കത്തിലാണ് സിഎസ്‌കെ. ധോണിയെ അൺക്യാപ്പ്ഡ് പ്ലെയർ ആയി നിലനിർത്തും.
2012 ലെ ഐപിഎൽ സീസൺ മുതൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഭാഗമാണ് ജഡേജ. 2022 ലെ സീസണിൽ താരത്തിന് CSK യുടെ ക്യാപ്റ്റൻ സ്ഥാനവും നൽകിയിരുന്നു. നിലവിലെ ക്യാപ്റ്റൻ ആയതിനാൽ ഋതുരാജ് ആയിരിക്കും ലേലത്തിന് മുൻപ് ടീമിലെ സ്ഥാനം ആദ്യം ഉറപ്പിക്കുക. എന്നാൽ റിപ്പോർട്ടുകളെക്കുറിച്ച് സിഎസ്കെ ടീം മാനേജ്മെന്റിന്റെ ഭാഗത്തുനിന്നും സ്ഥിരീകരണമുണ്ടായിട്ടില്ല. താരങ്ങളെ നിലനിർത്താനുള്ള സമയ പരിധി അവസാനിച്ച ശേഷമേ ജഡേജയുടെ ടീമിലെ ഭാവി സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാവുകയുള്ളു.