ഗാന്ധിനഗർ: അഞ്ച് വയസ്സുകാരിയെ ഇരുമ്പ് സ്റ്റൂൾ കൊണ്ട് അടിച്ച് അച്ഛൻ കൊലപ്പെടുത്തി. ഗുജറാത്തിലെ വാസ്ത്രാലിലാണ് ദാരുണ സംഭവം നടന്നത്. 15 വർഷത്തെ കാത്തിരിപ്പിന് ശേഷം ഐവിഎഫ് വഴി ജനിച്ച പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്.
2018 ലാണ് ദിലീപ്- ആശ ദമ്പതികൾക്ക് കുഞ്ഞ് ജനിച്ചത്. തയ്യൽ ജോലി ചെയ്താണ് ഇവർ കഴിഞ്ഞിരുന്നത്. കുഞ്ഞ് ജനിച്ച് രണ്ട് വർഷത്തിന് ശേഷം ഭർത്താവിന്റെ സ്വഭാവത്തിൽ മാറ്റം വരാൻ തുടങ്ങിയെന്ന് ഭാര്യ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഇത് തന്റെ മകളല്ലെന്നും എന്തിന് വേണ്ടി പണം ചെലവാക്കണമെന്നും ചോദിച്ച് വഴക്കിടുന്നത് പതിവാണ്.
കഴിഞ്ഞ ഏഴുമാസമായി ദമ്പതികൾ അകന്നാണ് കഴിഞ്ഞിരുന്നത്. സംഭവദിവസം രാവിലെ ദിലീപ് ആശയും കുഞ്ഞും താമസിക്കുന്ന വീട്ടിലെത്തി പ്രശ്നവമുണ്ടാക്കാൻ തുടങ്ങി. കർട്ടന്റ സ്റ്റീൽവടി ഉപയോഗിച്ച് അമ്മയെ അടിക്കുന്നത് കണ്ട് നിലവിളിച്ച് കുഞ്ഞ് ഓടിയെത്തുകയായിരുന്നു. പിന്നാലെ കുഞ്ഞിന് നേർക്ക് തിരിഞ്ഞ യുവാവ് ഇരുമ്പ് സ്റ്റൂൾ കൊണ്ട് തലയ്‌ക്കും ദേഹത്തും അടിക്കുകയായിരുന്നു. ബഹളം കേട്ട് അയൽക്കാർ എത്തിയപ്പോഴേക്കുംം ദിലീപ് ഓടി രക്ഷപ്പെട്ടു. ആക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ ആശ ആശുപത്രിയിൽ ചികിത്സയിലാണ്.
കൊലപാതകം, കൊലപാതകശ്രമം, സ്വമേധയാ മുറിവേൽപ്പിക്കൽ, മാരകായുധം ഉപയോഗിച്ച് പരിക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.