കൊൽക്കത്ത: ദാന ചുഴലിക്കാറ്റ് വീശിയടിച്ച കൊൽക്കത്തയുടെ തീരങ്ങളിൽ കനത്ത മഴയാണുണ്ടായത്. പലയിടത്തും ചെറിയ തോതിലുള്ള നാശനഷ്ടങ്ങളുമുണ്ടായി. എന്നാൽ ചുഴലിക്കാറ്റ് വന്നുപോയ ശേഷം കൊൽക്കത്ത നഗരവാസികൾ പതിവിൽ കവിഞ്ഞ സന്തോഷത്തിലാണ്. കാരണം മറ്റൊന്നുമല്ല. കനത്ത മഴയിൽ ഏഴിലംപാല മരങ്ങളിലെ പൂക്കൾ പൊഴിഞ്ഞു. അതിനെന്താണിത്ര സന്തോഷിക്കാൻ എന്നാണെങ്കിൽ കൊൽക്കത്തയിലെ ആളുകൾക്ക് ഇത് വലിയൊരു ആശ്വാസമാണ്.
ഏഴിലംപാലപ്പൂക്കൾ മൊട്ടിട്ട് വിരിഞ്ഞുകഴിഞ്ഞാൽ അതിതീക്ഷ്‌ണ സുഗന്ധമാണ് പരത്തുക. എന്നാൽ ഭൂരിഭാഗം പേർക്കും ഇത് ആസ്വദിക്കാൻ കഴിഞ്ഞെന്നുവരില്ല. ആസ്മ, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ അലർജി എന്നിവയ്‌ക്കും ഈ പൂക്കൾ കാരണക്കാരാണ്. മഞ്ഞുകാലത്തിന്റെ വരവ് അടയാളപ്പെടുത്തുന്ന ‘ഹേമന്ത’ (ഒക്ടോബർ-നവംബർ) എന്ന ബംഗാളി സീസണിലാണ് ഏഴിലംപാല പൂത്തുലയുന്നത്. കുലകളായി പൂത്തുനിൽക്കുന്ന മങ്ങിയ വെള്ള നിറത്തിലുള്ള പൂക്കളുടെ അതിതീക്ഷ്‌ണ സുഗന്ധം പ്രദേശമാകെ പരക്കും.
പശ്ചിമ ബംഗാളിന്റെ സംസ്ഥാന വൃക്ഷം കൂടിയാണ് ഏഴിലംപാല. കൊൽക്കത്തയിലെ ബാഗ്ബസാർ സ്ട്രീറ്റ്, ബാലിഗഞ്ച് സർക്കുലർ റോഡ്, സതേൺ അവന്യു, ജെഎൽ നെഹ്‌റു റോഡ് , സെൻട്രൽ അവന്യു എന്നിവിടങ്ങളിലെല്ലാം പതിറ്റാണ്ടുകൾ പഴക്കമുള്ള ഏഴിലംപാല മരങ്ങളുണ്ട്. ഇവിടങ്ങളിൽ അലർജി പ്രശ്‍നങ്ങളുള്ള ആളുകൾക്ക് ഒക്‌ടോബർ പകുതി ആയി കഴിഞ്ഞാൽ പിന്നെ ഉറക്കമില്ലാത്ത രാത്രികളാണ്. ഇതിനാണ് ദാന ചുഴലിക്കാറ്റ് പരിഹാരം കണ്ടിരിക്കുന്നത്.