ന്യൂസിലൻഡിനെ 235ന് എറിഞ്ഞൊതുക്കിയ ഇന്ത്യക്ക് ആദ്യ ഇന്നിംഗ്സിൽ ബാറ്റിംഗ് തകർച്ച. 86 റൺസെടുക്കുന്നതിനിടെ നാലു വിക്കറ്റുകളാണ് വീണത്. 18 റൺസുമായി ക്യാപ്റ്റൻ രോഹിത് ആണ് ആദ്യം കൂടാരം കയറിയത്. ഹെന്റിക്കായിരുന്നു വിക്കറ്റ്. പിന്നാലെ ഗില്ലിനൊപ്പം 53 റൺസിന്റെ കൂട്ടുകെട്ടുയർത്തിയ യശസ്വി ജയ്സ്വാളി(30) ന്റെ വിക്കറ്റും നഷ്ടമായത് ഇന്ത്യക്ക് പ്രഹരമായി.
നൈറ്റ് വാച്ച്മാനായ മുഹമ്മദ് സിറാജ് നേരിട്ട ആദ്യ പന്തിൽ തന്നെ മടങ്ങി. വിരാട് കോലി ഒരിക്കൽക്കൂടി നിരാശപ്പെടുത്തി. ഇത്തവണ നാല് റൺസെടുത്ത താരം റണ്ണൗട്ടാവുകയായിരുന്നു. ഒരു റൺസുമായി ഋഷഭ് പന്തും 31 റൺസോടെ ശുഭ്മാൻ ഗില്ലുമാണ് ക്രീസിൽ. സ്പിന്നർ അജാസ് പട്ടേലിന് രണ്ടു വിക്കറ്റ് ലഭിച്ചു.
മൂന്നാം ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലൻഡ് 235 റൺസിന് പുറത്തായിരുന്നു. അഞ്ചു വിക്കറ്റ് നേടിയ ഓൾറൗണ്ടർ ജഡേജയാണ് ന്യൂസിലൻഡിന്റെ തകർച്ച പൂർത്തിയാക്കിയത്. വാഷിംഗ്ടൺ സുന്ദറിന് നാലു വിക്കറ്റ് ലഭിച്ചു. ശേഷിച്ച ഒരു വിക്കറ്റ് ആകാശ് ദീപിനും കിട്ടി.
71 റൺസെടുത്ത വിൽ യംഗും 82 റൺസെടുത്ത ഡാരിൽ മിച്ചലുമാണ് കിവീസിനെ കരകയറ്റിയത്. ഇരുവരും ചേർന്ന് ന്യൂസിലൻഡ് സ്കോറിലേക്ക് 87 റൺസാണ് സംഭാവന ചെയ്തത്. 28 റൺസെടുത്ത ടോം ലാഥമാണ് മറ്റാെരു ടോപ് സ്കോറർ. 17 റൺസ് നേടിയ ഗ്ലെൻ ഫില്പ്സാണ് രണ്ടക്കം കടന്ന മറ്റൊരു ബാറ്റർ. ആറുപേരാണ് രണ്ടക്കം കാണാതെ പുറത്തായത്.