പത്തനംതിട്ട: ഡിവൈഎഫ്ഐ മേഖല സെക്രട്ടറി പിറന്നാൾ ആഘോഷിച്ചത് ലഹരിക്കേസുകളിലെ പ്രതികൾക്കൊപ്പം. കഞ്ചാവ്-എംഡിഎംഎ കേസുകളിൽ പ്രതികളായവരാണ് ആഘോഷത്തിലുണ്ടായിരുന്നത്. ഡിവൈഎഫ്ഐ പറക്കോട് മേഖലാ സെക്രട്ടറിയും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ റിയാസ് റഫീഖാണ് ലഹരിക്കേസ് പ്രതികൾക്കൊപ്പം പിറന്നാൾ ആഘോഷിച്ചത്.
പറക്കോട് കഴിഞ്ഞദിവസം രാത്രി സംഘടിപ്പിച്ച ആഘോഷത്തിൽ സിപിഎം, എസ്എഫ്ഐ പ്രവർത്തകരും പങ്കെടുത്തിരുന്നു. പറക്കോട് ടൗണിൽ വച്ചായിരുന്നു ആഘോഷ പരിപാടികൾ. മുൻപ് എംഡിഎംഎ കേസിൽ അറസ്റ്റിലായിട്ടുള്ള രാഹുൽ ആർ നായർ, 100 കിലോ കഞ്ചാവുമായി തിരുനെൽവേലിയിൽനിന്നും പോലീസ് പിടിയിലായ അജ്മൽ എന്നിവരാണ് ആഘോഷത്തിന് നേതൃത്വം നൽകിയത്. തെക്കൻ കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ കേസിലെ പ്രതിയാണ് രാഹുൽ.
തിരുനെൽവേലി ജയിലിൽ നിന്നും പുറത്തിറങ്ങിയ അജ്മൽ പൊതുമധ്യത്തിൽ പ്രത്യക്ഷപ്പെട്ട ആഘോഷം കൂടിയാണിത്. എന്നാൽ ദീപാവലിക്ക് പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നതിനിടെ പുറത്തുനിന്നുള്ളവർ തങ്ങൾക്കിടയിലേക്ക് വന്നുകയറിയതാണെന്നാണ് നേതാക്കളുടെ ന്യായീകരണം. പറക്കോട് മേഖലയിലെ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരാണ് കൂടുതൽ പേരും. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.