വൈകുന്നേരങ്ങളിൽ ഒരു ഗ്ലാസ് ചായയും കടിയും കഴിക്കുന്നത് എല്ലാവരുടെയും ശീലമാണ്. ചായയോടൊപ്പം വ്യത്യസ്തങ്ങളായ വിഭവങ്ങൾ പരീക്ഷിക്കുന്നവരും നമുക്കിടയിൽ ധാരാളമുണ്ട്. യൂട്യൂബ് നോക്കിയും ടെലിവിഷനിലെ കുക്കറി ഷോകൾ കണ്ടുമൊക്കെയായിരിക്കും വീട്ടമ്മമാരുടെ പരീക്ഷണങ്ങൾ. അവർക്കായി ഒരു ഉഗ്രൻ പലഹാരം പരിചയപ്പെടുത്താം. ഏത്തപഴം കറുത്ത് പോയാൽ പൊതുവെ കഴിക്കാൻ എല്ലാവർക്കും ഒരു മടിയാണ്. കേടായിയെന്ന് പറഞ്ഞ് പറമ്പിൽ കളയുന്നതും പതിവാണ്. എന്നാൽ കറുത്ത ഏത്തപ്പഴവും റവയും കൊണ്ടൊരു പലഹാരം എളുപ്പത്തിൽ തയാറാക്കാവുന്നതാണ്. അത് എങ്ങനെയെന്ന് നോക്കാം.
ചേരുവകൾ
നെയ്യ് – രണ്ട് ഡേബിൾ സ്പൂൺ
ഏത്തപ്പഴം- രണ്ട് എണ്ണം ചെറുതായി അരിഞ്ഞത്
റവ- ഒരു കപ്പ്
ഏലയ്ക്ക- രണ്ട് എണ്ണം
തേങ്ങ ചിരകിയത്- രണ്ട് കപ്പ്
പഞ്ചസാര- 1/4 കപ്പ്
എണ്ണ- ആവശ്യത്തിന്
ആദ്യം ഒരു പാനിൽ നെയ്യ് ഒഴിച്ച് നന്നായി ചൂടാക്കി എടുക്കുക. അതിലേക്ക് ചെറുതായി അരിഞ്ഞ് വച്ചിരിക്കുന്ന ഏത്തപ്പഴം ചേർത്ത് വഴട്ടിയെടുക്കണം. ഏത്തപ്പഴം നന്നായി വഴണ്ടുവരുമ്പോൾ അതിലേക്ക് ഏലയ്ക്ക പൊടിച്ച് ചേർക്കുക. ഇതിലേക്ക് തേങ്ങ കൂടിയിട്ട് നന്നായി വഴട്ടി എടുക്കണം. എടുത്തുവച്ചിരിക്കുന്ന പഞ്ചസാര കൂടി ഇതിലേക്ക് ചേർത്ത് ഇളക്കിയെടുക്കുക. ആവശ്യാനുസരണം പഞ്ചസാര ചേർക്കാവുന്നതാണ്. ഇതിലേക്ക് റവ ചേർത്ത് നന്നായി ഇളക്കിയെടുക്കണം.
ഇളക്കിവച്ചിരിക്കുന്നത് ചൂടാറിയ ശേഷം ചെറിയ ബോളുകളാക്കി ഉരുട്ടിയെടുക്കുക. മറ്റൊരു പാൻ ചൂടാക്കി അതിലേക്ക് എണ്ണ ഒഴിച്ച് ഇവ വറുത്തെടുക്കുക. ബോളിന്റെ രണ്ട് ഭാഗവും മറിച്ചിട്ട ശേഷം തീ കുറച്ചുവയ്ക്കണം. തുടർന്ന് ബ്രൗൺ കളർ ആയതിന് ശേഷം അരിപ്പ ഉപയോഗിച്ച് മറ്റൊരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. ഏത്തപ്പഴം കൊണ്ടൊരു വെറൈറ്റി സ്നാക്ക് റെഡി.