തിരുവനന്തപുരം-തെന്മല (എസ് എച്ച് 2) റോഡിൽ 1.2 കിലോമീറ്ററോളം ദൂരത്തിൽ കരകുളം പാലം ജംഗ്ഷനിൽ നിന്നും കെൽട്രോൺ ജംഗ്ഷൻ വരെ ഫ്ളൈ ഓവർ നിർമാണവുമായി ബന്ധപ്പെട്ട് നെടുമങ്ങാട് നിന്ന് തിരുവനന്തപുരം ഭാഗത്തേക്കും, തിരുവനന്തപുരത്ത് നിന്ന് നെടുമങ്ങാട് ഭാഗത്തേക്കും നവംബർ അഞ്ച് മുതൽ പൂർണ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തും.ഇതിന്റെ ഭാഗമായി നവംബർ രണ്ടിനും നാലിനും ഈ റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി ട്രയൽ റൺ നടത്തും. ഗതാഗതനിയന്ത്രണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കണം.
ഫ്‌ളൈ ഓവർ നിർമാണത്തെ തുടർന്നുള്ള ഗതാഗത നിയന്ത്രണങ്ങൾ ഇപ്രകാരമാണ്
നെടുമങ്ങാട് ഭാഗത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക്
റൂട്ട് 1 – നെടുമങ്ങാട് ഭാഗത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കെൽട്രോൺ ജംങ്ഷനിൽ നിന്നും കെൽട്രോൺ- അരുവിക്കര റോഡിലേക്ക് തിരിഞ്ഞ് ഇരുമ്പ- കാച്ചാണി ജംങ്ഷനുകൾ വഴി മുക്കോലയിൽ എത്തി, വലത്തേക്ക് തിരിഞ്ഞു മുക്കോല- വഴയില റോഡിലൂടെ വഴയിലയെത്തിയശേഷം, ഇടത്തേക്കു തിരിഞ്ഞ് തിരുവനന്തപുരം ഭാഗത്തേക്ക് പോകണം.
വഴയില നിന്നും മുക്കോല ജംഗ്ഷൻ വരെ പ്രദേശവാസികളുടെ വാഹനങ്ങളൊഴികെ മറ്റ് വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല
(എ) നെടുമങ്ങാട് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന ചെറു വാഹനങ്ങൾക്ക് കല്ലമ്പാറ, വാളിക്കോട്, പത്താംകല്ല് എന്നിവിടങ്ങളിൽ നിന്നും വലത്തേക്ക് തിരിഞ്ഞ് വട്ടപ്പാറയിൽ എത്തി, എം.സി റോഡ് വഴിയും പോകാവുന്നതാണ്.
തിരുവനന്തപുരം ഭാഗത്തു നിന്നും നെടുമങ്ങാട് ഭാഗത്തേക്ക്
റൂട്ട് 1 – തിരുവനന്തപുരം ഭാഗത്തു നിന്നും നെടുമങ്ങാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് പേരൂർക്കട ജംഗ്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് കുടപ്പനക്കുന്ന്- മുക്കോല-ശീമമുളമുക്ക്-വാളിക്കോട് വഴി നെടുമങ്ങാട് ഭാഗത്തേക്ക് പോകാവുന്നതാണ്.
റൂട്ട് 2 – തിരുവനന്തപുരം ഭാഗത്തു നിന്നും നെടുമങ്ങാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്കു വഴയില ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞു കല്ലയം-ശീമമുളമുക്ക്- വാളിക്കോട് വഴി നെടുമങ്ങാട് ഭാഗത്തേക്കും പോകാവുന്നതാണ്. കെ.എസ്.ആർ.ടി.സി ലോ ഫ്‌ളോർ (ജൻറം) ബസുകൾ ഇതു വഴി സർവീസ് നടത്തും.
റൂട്ട് 3 – തിരുവനന്തപുരം ഭാഗത്ത് നിന്നും നെടുമങ്ങാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് ഏണിക്കര ജംങ്ഷൻ കഴിഞ്ഞ് ഡി.പി.എം.എസ് ജംങ്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് മുല്ലശേരി -കായ്പ്പാടി-മുളമുക്ക് വഴി നെടുമങ്ങാട് ഭാഗത്തേക്ക് പോകാവുന്നതാണ്. ഈ റൂട്ടിൽ ഹെവി വാഹനങ്ങൾക്ക് നിയന്ത്രണം ഉണ്ടായിരിക്കും. കെ.എസ്.ആർ.ടി.സി ഇലക്ട്രിക് ബസുകൾ ഈ റൂട്ടിലൂടെയും സർവീസ് നടത്തും.
റൂട്ട് 4 – തിരുവനന്തപുരം ഭാഗത്തു നിന്നും നെടുമങ്ങാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വഴയില നിന്ന് കരകുളം പാലം ജംഗ്ഷൻ ചെന്ന് വലതു തിരിഞ്ഞ്, കാച്ചാണി ജംഗ്ഷനിൽ എത്തിയ ശേഷം ഇടത്തേക്ക് തിരിഞ്ഞു കെൽട്രോൺ- അരുവിക്കര റോഡിൽ പ്രവേശിച്ചു, കെൽട്രോൺ ജംഗ്ഷനിൽ എത്തി വലത്തേക്ക് തിരിഞ്ഞു നെടുമങ്ങാട് ഭാഗത്തേക്ക് പോകണം. നിലവിൽ നെടുമങ്ങാട് ഭാഗത്തേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസുകൾ ഈ റൂട്ടിലൂടെയും സർവീസ് നടത്തുന്നതാണ്
കാച്ചാണി ജംഗ്ഷൻ മുതൽ കരകുളം പാലം ജംഗ്ഷൻ വരെ പ്രദേശവാസികളുടെ വാഹനങ്ങളൊഴികെ മറ്റ് വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല
കാച്ചാണി ജംഗ്ഷൻ -കരകുളം പാലം – വഴയില- പേരൂർക്കട റൂട്ടിലും തിരിച്ചും കെ.എസ്.ആർ.ടി.സി സർക്കിൾ സർവീസ് നടത്തുന്നതാണ്.
ഹെവി ഭാര വാഹനങ്ങൾക്ക് നിയന്ത്രണം
പ്രസ്തുത റൂട്ടുകളിൽ ഹെവി ഭാരവാഹനങ്ങൾക്ക് രാവിലെ 7.30 മുതൽ 10.30 വരെയും വൈകിട്ട് 3 മുതൽ 6 വരെയും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
ഇരുമ്പ- കാച്ചാണി റോഡിൽ തിരുവനന്തപുരം ഭാഗത്തേക്ക് ക്വാറി ഉത്പന്നങ്ങളുമായി പോകുന്ന ടിപ്പർ വാഹനങ്ങളും ചരക്കുവാഹനങ്ങളും ചെറിയകൊണ്ണി-കാപ്പിവിള-മൂന്നാമൂട്-വട്ടിയൂർക്കാവ് വഴിയും നെടുമങ്ങാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ചെറിയകൊണ്ണി-കുതിരകുളം-അരുവിക്കര-അഴിക്കോട് വഴിയും പോകേണ്ടതാണ്.