റാഞ്ചി: ഹേമന്ത് സോറന്റെ നേതൃത്വത്തിൽ അധികാരത്തിലുള്ള സർക്കാർ നക്‌സലിസത്തിന് വളം വച്ചു കൊടുക്കുന്നവരാണെന്നുള്ള വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജെഎംഎം സഖ്യത്തെ കടന്നാക്രമിച്ച അമിത് ഷാ, ഝാർഖണ്ഡിൽ എൻഡിഎ സർക്കാർ രൂപീകരിക്കുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഛത്രയിലെ സിമാരിയയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ 2026ഓടെ നക്‌സലിസം എന്ന വിപത്തിനെ രാജ്യത്ത് നിന്ന് പൂർണമായും തുടച്ചുനീക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ” രാഷ്‌ട്രീയ നേട്ടങ്ങൾക്ക് നക്‌സലിസത്തെ പ്രോത്സാഹിപ്പിക്കുന്ന സർക്കാരാണ് ഝാർഖണ്ഡിലുള്ളത്. ദളിതർക്കും, ആദിവാസികൾക്കും, പിന്നാക്ക വിഭാഗങ്ങൾക്കും, യുവാക്കൾക്കുമെല്ലാം എതിരായി നിൽക്കുന്ന ഹേമന്ത് സോറൻ സർക്കാരിനെ അധികാരത്തിൽ നിന്ന് താഴെയറിക്കാനുള്ള സമയമായിരിക്കുകയാണ്.
പിന്നാക്ക വിഭാഗങ്ങൾക്ക് വേണ്ടി അനുവദിക്കുന്ന ഫണ്ട് ഒരു മടിയുമില്ലാതെ സോറൻ സർക്കാർ വകമാറ്റുകയാണ്. ബിജെപി അധികാരത്തിൽ എത്തിയാൽ അഴിമതിക്കാരായ എല്ലാ നേതാക്കളെയും നിയമത്തിന് മുന്നിൽ എത്തിക്കും. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഝാർഖണ്ഡിനെ തുടച്ചുനീക്കാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ഇനി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ 2026ഓടെ ഇന്ത്യയിൽ നിന്ന് തന്നെ ഈ വിപത്തിനെ പൂർണമായും തുടത്തു നീക്കും.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ജനങ്ങൾ എൻഡിഎ സഖ്യത്തെ വലിയ രീതിയിൽ പിന്തുണച്ചു. ഇനിയും ഈ പിന്തുണ ജനങ്ങളോട് തേടുകയാണ്. അങ്ങനെയെങ്കിൽ 81ൽ 52 സീറ്റും ഞങ്ങൾ സ്വന്തമാക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 14 പാർലമെന്റ് മണ്ഡലങ്ങളിൽ ഒൻപതും എൻഡിഎയ്‌ക്ക് ലഭിച്ചു. സംസ്ഥാനത്തെ നല്ലൊരു ശതമാനം വോട്ടും തങ്ങൾക്ക് അനുകൂലമാണെന്നും” അദ്ദേഹം പറയുന്നു. ഈ മാസം 13,20 തിയതികളിലായി രണ്ട് ഘട്ടങ്ങളിലായാണ് ജാർഖണ്ഡിൽ വോട്ടെടുപ്പ് നടക്കുന്നത്. 23നാണ് വോട്ടെണ്ണൽ.