പാലക്കാട്: വഖ്ഫ് വിഷയത്തിൽ എൽഡിഎഫും യുഡിഎഫും കേരളത്തിലെ ജനങ്ങൾക്ക് മുൻപിൽ അവരുടെ നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. എൽഡിഎഫും യുഡിഎഫും പാസാക്കിയ പ്രമേയം കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളുടെയും താൽപര്യത്തിന് വിരുദ്ധമാണെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
കേരളത്തിലെ എല്ലാ ക്രൈസ്തവ സഭകളും സമാനമായ നിലപാടാണ് സ്വീകരിച്ചത്. എന്നിട്ടും ഇത് കേരളത്തിന്റെ അഭിപ്രായമെന്ന തരത്തിൽ നിയമസഭയിൽ ഐകകണ്ഠേന പ്രമേയം പാസാക്കിയതിൽ യുഡിഎഫും എൽഡിഎഫും കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണം. ഈ വിഷയത്തിൽ ബിജെപി മാത്രമാണ് അവരോടൊപ്പം നിൽക്കുന്നതെന്ന് ക്രൈസ്തവ സഭകൾക്ക് അറിയാം.
വിഷയം മാദ്ധ്യമങ്ങളും മനപ്പൂർവ്വം മുക്കുകയാണ്. ഈ വിഷയത്തിൽ എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ഇരട്ടത്താപ്പ് ജനങ്ങൾ ചർച്ച ചെയ്യേണ്ട കാര്യമാണ്. മാദ്ധ്യമങ്ങൾ അവർക്ക് സഹായകരമായ നിലപാടാണ് സ്വീകരിക്കുന്നത്. മുനമ്പം വിഷയത്തിൽ സംസ്ഥാന വ്യാപകമായി ബിജെപി ഗൃഹസമ്പർക്കം നടത്തും. പാർട്ടി ഔദ്യോഗികമായി വിഷയം ഏറ്റെടുത്ത് ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നും കെ സുരേന്ദ്രൻ മുന്നറിയിപ്പ് നൽകി.
വഖ്ഫ് നിയമപരിഷ്കാരത്തിനെതിരെ ഇന്ത്യയിലെ ഒരു സംസ്ഥാനം മാത്രമാണ് നിയമസഭയിൽ പ്രമേയം പാസാക്കിയത്. അത് കേരളമാണ്. ഏകപക്ഷീയമായി അവർക്കാവശ്യമുളള കാര്യം മാത്രം പാസാക്കുന്ന പരിപാടി ഈ ഉപതെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ അവസാനിക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
പ്രശ്നം എത്രയും പെട്ടന്ന് പരിഹരിക്കണമെന്ന് പാണക്കാട് തങ്ങൾ കഴിഞ്ഞ ദിവസം പറയുന്നത് കേട്ടു. മുനമ്പം ഉൾപ്പെടെയുളള 28 സ്ഥലങ്ങളിൽ വഖ്ഫ് ബോർഡിന്റെ ഏകപക്ഷീയമായ അവകാശവാദം പിൻവലിക്കണം. പ്രശ്നത്തിന് പരിഹാരം കാണാൻ എൽഡിഎഫും യുഡിഎഫും വഖ്ഫ് ബോർഡിനെ പ്രേരിപ്പിക്കണം. വിഷയത്തിൽ ശാശ്വതമായ പരിഹാരമാണ് കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയമമെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.