അബുദാബി: സർവകലാശാലാ പ്രവേശനത്തിന് നടത്തിയിരുന്ന എംസാറ്റ് പ്രവേശന പരീക്ഷ യുഎഇ നിർത്തലാക്കി. പ്ലസ് ടുവിന് സയൻസ് വിഷയങ്ങൾക്ക് ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിലാകും മെഡിക്കൽ- എൻജിനിയറിംഗ് കോഴ്സുകളിലേക്കുള്ള പ്രവേശനം. സർവ്വകലാശാലാ പ്രവേശനത്തിനും പ്ലസ് ടു മാർക്ക് തന്നെയാകും പ്രധാന മാനദണ്ഡമാക്കുക.
യു.എ.ഇയിലെ സർവകലാശാലകളിൽ ഡിഗ്രി പഠനത്തിന് പ്രവേശനം ലഭിക്കാൻ പ്ലസ്ടു വിദ്യാർത്ഥികൾക്ക് നടത്തിയിരുന്ന പ്രവേശന പരീക്ഷയാണ് എംസാറ്റ്. എന്നാൽ രാജ്യത്ത് ഇനി മുതൽ എംസാറ്റ് പ്രവേശന പരീക്ഷ ഉണ്ടാകില്ലെന്ന് വിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ മന്ത്രാലയവും അറിയിച്ചു. മെഡിക്കൽ – എൻജിനിയറിംഗ് പ്രവേശനത്തിന് പ്ലസ് ടു തലത്തിൽ സയൻസിനും കണക്കിനും ലഭിക്കുന്ന മാർക്കുമാകും പ്രധാന മാനദണ്ഡം.
സർവ്വകലാശാലകളിലെ മറ്റ് വിഷയങ്ങളിലെ പ്രവേശനത്തിന് പ്ലസ് ടു മാർക്ക് പ്രധാന മാനദണ്ഡമാകുന്നതോടൊപ്പം അതത് വിഷയങ്ങളിലെ മാർക്കും പരിഗണിക്കും. സർവകലാശാലാ പ്രവേശനം കൂടുതൽ എളുപ്പമാക്കാനാണ് തീരുമാനമെന്ന് മന്ത്രാലയം വ്യക്തമാക്കി. അതേസമയം, സർവകലാശാലകൾക്ക് സ്വന്തം നിലയിൽ വിവിധ കോഴ്സുകൾക്ക് പ്രവേശനം നൽകാൻ പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്താൻ മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്.