ലോകം നാളെ അവസാനിക്കും മറ്റന്നാൾ അവസാനിക്കുമെന്നൊക്കെ കാലങ്ങളായി നാം കേട്ട് തഴമ്പിച്ചതാണ്. ലോകം അവസാനിച്ചില്ലെങ്കിലും ഭൂമിയിൽ നിന്ന് ജീവന്റെ തുടിപ്പ് അവസാനിക്കാൻ സാധ്യതയുണ്ടെന്ന ഞെട്ടിക്കുന്ന പഠന വിവരമാണ് ശാസ്ത്രലോകത്ത് നിന്ന് വരുന്നത്. ജീവൻ ഭൂമിയിലെങ്ങനെ അവസാനിക്കുമെന്നാകും ചിന്തിക്കുന്നതെങ്കിൽ ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ ഉത്തരം നൽകും.
ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റിയിലെ സീനിയർ റിസർച്ച് അസോസിയേറ്റായ ഡോ അലക്സാണ്ടർ ഫാർൺസ്വർത്താണ് ഗവേഷണത്തിന് നേതൃത്വം നൽകിയത്. ഭൂമിയുടെ ഭൂഖണ്ഡങ്ങൾ സാവധാനം നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും, ഒടുവിൽ അവ കൂടിച്ചേർന്ന് ‘പാംഗിയ അൾട്ടിമ’ എന്ന സൂപ്പർ ഭൂഖണ്ഡം രൂപപ്പെടുമെന്നും പഠനത്തിൽ പറയുന്നു. ഈ പൂതിയ ഭൂഖണ്ഡം കാലാവസ്ഥയെ പ്രതികൂലമായി ബാധിക്കും. ജീവജാലങ്ങൾക്ക് ജീവിക്കാൻ സാധിക്കാത്ത വിഘത്തിൽ ചൂടും വരണ്ട കാലാവസ്ഥയും അനുഭവപ്പെടും.
സൂപ്പർ കമ്പ്യൂട്ടറുകളുടെ സഹായത്തോടെയാണ് പഠനം നടത്തിയത്. ഭൂഖണ്ഡാന്തര കാലാവസ്ഥയുടെ സ്വാധീനം, സൂര്യന്റെ ചൂട്, അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ ഉയർന്ന അളവ് എന്നിങ്ങനെ മൂന്ന് ഘടകങ്ങളാകും കാലാസവസ്ഥയെ സാരമായി ബാധിക്കുകയെന്ന് പഠനം പറയുന്നു. ഒരു ദശലക്ഷമോ അതിലധികമോ വർഷങ്ങൾക്കുള്ളിൽ സൂര്യന്റെ ചൂടും പ്രകാശവും വർദ്ധിക്കുമെന്നും പഠനത്തിലുണ്ട്. ഇത് ഭൂമിയിലേക്ക് കൂടുതൽ ഊർജ്ജം പുറപ്പെടുവിക്കാൻ കാരണമാകും.
അഗ്നിപർവതത്തിൽ നിന്നാകും ഭൂമിയിൽ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് വർദ്ധിക്കാൻ കാരണമാവുക. 50 ഡിഗ്രി സെൽഷ്യസ് വരെയാകും ഭൂമിയിലെ ചൂട്. ഈ കൊടുംചൂടിനെ പ്രതിരോധിക്കാൻ കഴിയാതെ മനുഷ്യനും മറ്റ് സസ്തിനികളും ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കപ്പെടുമെന്നാണ് ഡോ. ഫാർസ്വർത്ത് പറയുന്നത്. നേച്ചർ ജിയോസയൻസ് ജേണലിൽ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാർബൺ ബഹിർഗമനം ക്രമാതീതമായി ഉയരുകയാണെന്നും നിയന്ത്രിച്ചില്ലെങ്കിൽ മനുഷ്യരാശിയെ ബാധിക്കുമെന്നും പഠനം മുന്നറിയിപ്പ് നൽകുന്നു.