വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ കമലയോ, ട്രംപോ എന്നറിയാൻ ഇനി മണിക്കൂറുകൾ ബാക്കി. ജോർജിയ, ഫ്ളോറിഡ, മിഷിഗൺ, പെൻസിൽവേനിയ തുടങ്ങി 40 സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ആദ്യഫല സൂചനകൾ രാവിലെ അഞ്ചരയോടെ പുറത്തുവരും. പോളിംഗ് ശതമാനം ഉയരുമെന്നാണ് സൂചന.
7 ചാഞ്ചാട്ട സംസ്ഥാനങ്ങളിലെ ജനവിധിയായിരിക്കും ട്രംപിനും, കമലയ്ക്കും നിർണായകമാകുന്നത്. തുടക്കത്തിൽ മന്ദഗതിയിലായിരുന്നു പോളിംഗെങ്കിലും നിർണായക സംസ്ഥാനങ്ങളായ ജോർജിയ, നോർത്ത് കാരലൈന, പെൻസിൽവേനിയ തുടങ്ങിയ സംസ്ഥാനങ്ങളിൽ വളരെ പെട്ടന്നായിരുന്നു പോളിംഗ് ശതമാനം കൂടിയത്.
ഇന്ത്യൻ സമയം വൈകിട്ട് നാലരയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. 47-ാമത് അമേരിക്കൻ പ്രസിഡന്റിനായുള്ള തെരഞ്ഞെടുപ്പിൽ 8 കോടിയിലധികം ജനങ്ങൾ ഇതിനോടകം വോട്ട് രേഖപ്പെടുത്തി. ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിയായി കമലാ ഹാരിസും റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിയായി ഡോണൾഡ് ട്രംപുമാണ് ജനവിധി തേടുന്നത്.
പ്രസിഡന്റ് തെരഞ്ഞെടുപ്പിനോടൊപ്പം ജനപ്രതി സഭയിലേക്കും സെനറ്റിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. സെനറ്റിൽ 100 ൽ 34 സീറ്റുകളിലേക്കും ജനപ്രതി സഭയിലെ 435 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അതേസമയം ജോർജിയയിൽ വ്യാജ ബോംബ് ഭീഷണിയെ തുടർന്ന് തെരഞ്ഞെടുപ്പ് കുറച്ചുസമയം തടസപ്പെട്ടെങ്കിലും പരിശോധനകൾക്ക് ശേഷം വോട്ടെടുപ്പ് പുനരാരംഭിച്ചു.