കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരുപോലെ ഉപയോഗിക്കുന്ന പോഷക സമ്പന്നമായ പാനീയമാണ് പാൽ. എന്നാൽ ധാരാളം പാൽ കുടിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കുമെന്ന ധാരണ പൊതുവിലുണ്ട്. പാൽ നല്ലതാണ്, എന്നാൽ അമിതമായി പാൽ കുടിക്കുന്നത് ശാരീരിക പ്രശ്ങ്ങൾക്ക് കാരണമാകുമോ?
ധാരാളം കലോറിയുള്ള ആഹാര പദാർത്ഥങ്ങൾ പൊതുവിൽ ശരീരഭാരം വർദ്ധിപ്പിക്കുന്നവയാണ്. പല ഡയറ്റുകളിലെയും പ്രധാന ഘടകമാണ് പാൽ. മിതമായ പാൽ ഉപയോഗം ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. എന്നാൽ അമിതമായ ഉപഭോഗം പ്രത്യേകിച്ച് സംസ്കരിക്കാത്ത ശുദ്ധമായ പാൽ ഉയർന്ന കലോറി അടങ്ങിയതാണ്. ഇത് ശരീഭാരം വർധിക്കാൻ ഇടയാക്കും.
ഒരു കപ്പ് പാലിൽ കൊഴുപ്പിന്റെ അളവ് ഒഴിച്ചുനിർത്തിയാൽ ഏകദേശം 11 മുതൽ 12 ഗ്രാം വരെ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. എന്നാൽ പാൽ ഉത്പന്നങ്ങളിൽ കലോറിയുടെ അളവ് വ്യത്യസ്തമാണ്. കൊഴുപ്പ് അടങ്ങിയ പാലുല്പന്നങ്ങൾ ശരീരഭാരം വർദ്ധിപ്പിക്കുന്നില്ലെന്നാണ് 2019 ലെ ജേണൽ ഓഫ് അഡ്വാൻസസ് ഇൻ ന്യൂട്രീഷനിലെ ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നത്. വാസ്തവത്തിൽ പാലുല്പന്നങ്ങളുടെ പതിവ് ഉപയോഗം പേശികൾ മെലിയുവാനും ശരീരത്തിലെ കൊഴുപ്പ് കുറയ്‌ക്കുവാനും സഹായിക്കും.
കൊഴുപ്പിന്റെ അളവ് പരിഗണിക്കാതെ തന്നെ ഒരു കപ്പ് പാലിൽ 8 ഗ്രാം പ്രോട്ടീൻ ഉണ്ട്. അതിനാൽ ശരീരഭാരം കുറയ്‌ക്കണമെങ്കിൽ പാൽ നേരിട്ട് കുടിക്കുന്നതിനെക്കാൾ കൊഴുപ്പ് കുറഞ്ഞ പാൽ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതാണ് കൂടുതൽ അഭികാമ്യം.