പാലക്കാട്: പാലക്കാട് അരങ്ങേറിയ നാടകീയ സംഭവങ്ങളിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. തെരഞ്ഞെടുപ്പിൽ വ്യാപകമായ തോതിലുള്ള കള്ളപ്പണം ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ പാലക്കാട് ഉപയോഗിക്കുന്നുവെന്നുള്ളത് വസ്തുതയാണെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും കള്ളപ്പണം ഉപയോഗിച്ചാണ് ഷാഫി പറമ്പിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. ഇന്നലെ കെപിഎം ഹോട്ടലിലുണ്ടായ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണം പൊലീസ് ഉചിതമായ രീതിയിലല്ല നടത്തിയത്. വാർത്ത പുറത്തുവന്ന് അരമണിക്കൂറിന് ശേഷമാണ് അഞ്ച് മിനിറ്റ് കൊണ്ട് എത്താൻ സാധിക്കുന്ന പൊലീസ് അവിടെ എത്തിയത്. വനിതാ പൊലീസുകാരെ വിന്യസിക്കാൻ പൊലീസ് തയ്യാറായില്ല. 40-ലധികം മുറികളുള്ള ഹോട്ടലിൽ 12 മുറികൾ മാത്രമാണ് പരിശോധിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
മറ്റ് മുറികൾ പരിശോധിക്കാൻ യുഡിഎഫ് തടസം നിന്നുവെന്നും ആവശ്യമായ ഫോഴ്സിനെ ഉപയോഗിച്ച് തടസം നിന്നവരെ നീക്കം ചെയ്യാൻ പൊലീസ് തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു. കള്ളപ്പണ ഇടപാട് നടന്നുവെന്ന ഇന്റലിജൻസ് വിവരം, വലിയ ട്രോളി ബാഗിൽ വ്യാജ തിരിച്ചറിയൽ കേസിലെ പ്രതിയായിട്ടുള്ള ഒരാൾ അവിടെ പണം ഇറക്കിയെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. എന്നാൽ അവരുടെ മൊഴി രേഖപ്പെടുത്താൻ പൊലീസ് തയ്യാറായില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അവിടെ വന്ന വാഹനങ്ങൾ, ആരൊക്കെയാണ് വന്നതെന്ന്, ബാഗുകൾ എങ്ങോട്ടാണ് പോയത് തുടങ്ങിയ കാര്യങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പൊലീസ് നൽകാത്തത് സംശയസ്പദമാണ്-കെ. സുരേന്ദ്രൻ പറഞ്ഞു.
ഇന്നലെ കള്ളപ്പണം അവിടെ നിന്ന് കടത്താനോ അല്ലെങ്കിൽ സുരക്ഷിതമായി മറ്റൊരു മുറിയിൽ സൂക്ഷിക്കാനോ അവസരമൊരുക്കിയത് പൊലീസാണ്. പൊലീസിന് സാധിക്കുമായിരുന്ന കാര്യം പോലും ഇന്നലെ നിർവഹിച്ചിട്ടില്ല. വ്യാജ തിരിച്ചറിയൽ കാർഡിലും സംഭവിച്ചത് ഇതുതന്നെയാണ്. നാടകം കളിക്കുന്നത് പോലെയാണ് പൊലീസ് ഇന്നലെ പെരുമാറിയതെന്നും സുരേന്ദ്രൻ ആരോപിച്ചു.