ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, സിക്ക തുടങ്ങിയ കൊതുക് പരത്തുന്ന രോഗങ്ങളെ ചെറുക്കാനുള്ള മാർഗം കണ്ടെത്തി ശാസ്ത്രജ്ഞർ. ആൺകൊതുകുകളുടെ കേൾവി ശക്തി ഇല്ലാതാക്കുകയാണ് രോഗങ്ങൾ പരത്തുന്നത് തടയാനുള്ള പോംവഴിയെന്ന്
ഗവേഷകർ നടത്തിയ പഠനങ്ങളിൽ പറയുന്നു. ആൺ കൊതുകുകളെ ബധിരരാക്കുന്നതിലൂടെ അവയ്‌ക്ക് ഇണചേരാനും പ്രജനനം നടത്താനും കഴിയില്ല.
ആൺകൊതുകുകളും പെൺകൊതുകുകളും പറക്കുമ്പോൾ വ്യത്യസ്ത ആവൃത്തിയിൽ ചിറകുകൾ അടിക്കുന്നതിന്റെ ശബ്ദം പുറപ്പെടുവിക്കുന്നു. ഈഡിസ് ആൺകൊതുകുകൾ ഈ ചിറകടി ശബ്ദത്തിൽ ആകൃഷ്ടരായാണ് പെൺകൊതുകുകളുമായി ഇണ ചേരുന്നത്. ഇത് സംബന്ധിച്ച് കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പരീക്ഷണമാണ് വഴിത്തിരിവായത്.
മറ്റേതൊരു പ്രാണികളേക്കാളും കൂടുതൽ ഓഡിറ്ററി ന്യൂറോണുകൾ കൊതുകുകൾക്ക് ഉണ്ട്. കൊതുകുകളുടെ കേൾവിക്ക് ആവശ്യമായ trpVa എന്ന പ്രോട്ടീനാണ് ഗവേഷകർ ഇല്ലാതാക്കിയത്. പിന്നീട് ജനിതകമാറ്റം വരുത്തിയ കൊതുകുകളെ പെൺകൊതുകുകളുള്ള കൂട്ടിനുള്ളിൽ അടച്ചു. മൂന്ന് ദിവസം കഴിഞ്ഞിട്ടും ആൺകൊതുകുകൾ പെൺകൊതുകുകളുമായി ഇണചേരുന്നില്ലെന്ന് ഗവേഷകർ നിരീക്ഷിച്ചു.
പെൺകൊതുകുകൾ ഓരോ വർഷവും ഏകദേശം 400 ദശലക്ഷം ആളുകൾക്ക് രോഗങ്ങൾ പരത്തുന്നു. ഇവയുടെ പ്രജനനം തടയുന്നത് മൊത്തത്തിലുള്ള കൊതുകുകളുടെ എണ്ണവും കുറയ്‌ക്കാൻ സഹായിക്കുമെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. ആൺ കൊതുകുകൾക്ക് ഇണ ചേരാൻ കഴിയുന്നില്ലെങ്കിൽ ബീജസങ്കലനവും സാധ്യമാകില്ല.