ബെംഗളൂരു: കർണാടകയിലെ കർഷകരുടെയും മഠങ്ങളുടെയും ഭൂമിയിൽ അധിനിവേശം നടത്തിയ വഖ്ഫ് ബോർഡ് അടുത്തതായി നോട്ടമിട്ടിരിക്കുന്നത് ചരിത്രപ്രസിദ്ധമായ ബിദർ കോട്ടയിലേക്കാണ്. കോട്ടയ്‌ക്കുള്ളിലെ 17 സ്മാരകങ്ങൾ വഖ്ഫ് സ്വത്താണെന്നാണ് വാദം.
ബിദാർ ജില്ലയുടെ ആസ്ഥാനമായ ബിദാറിൽ സ്ഥിതി ചെയ്യുന്ന കോട്ടയുടെ പ്രധാന ആകർഷണങ്ങളാണ് ഈ സ്മാരകങ്ങൾ. കോട്ട നിലവിൽ പരിപാലിക്കുന്നത് ഇന്ത്യൻ പുരാവസ്തു വകുപ്പാണ്. ബിദാർ കോട്ട വളപ്പിലെ 60 വസ്തുവകകളിൽ 17 എണ്ണവും വഖ്ഫ് ബോർഡിൻ്റേതാണെന്ന് അവകാശവാദമുന്നയിക്കപ്പെട്ടതായി കന്നഡ മാദ്ധ്യമങ്ങൾ പറയുന്നു.വഖ്ഫ് തങ്ങളുടേതെന്ന് അവകാശപ്പെടുന്നവയിൽ പ്രസിദ്ധമായ 16 തൂണുകളുള്ള പള്ളി, വിവിധ ബാഹ്മനി ഭരണാധികാരികളുടെ 14 ശവകുടീരങ്ങൾ,എന്നിവയും ഉൾപ്പെടുന്നു.
70 വർഷത്തിലേറെയായി ഇന്ത്യൻ പുരാവസ്തു വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സംരക്ഷിത സ്മാരകമായ ചരിത്രപ്രസിദ്ധമായ ബിദാർ കോട്ടയെക്കുറിച്ചുള്ള വഖ്ഫ് ബോർഡിന്റെ അവകാശവാദം കർണാടകയെ ആകെ ഞെട്ടിച്ചു. 1951 മുതൽ കോട്ടയ്‌ക്ക് സംരക്ഷിത പദവി ഉണ്ടായിരുന്നിട്ടും കോട്ടയെ വഖ്ഫ് സ്വത്തായി പട്ടികപ്പെടുത്തിയിരിക്കുകയാണ് . കോട്ട കൂടാതെ ബിദാറിലെ രണ്ട് വില്ലേജുകളും ബോർഡ് അവകാശപ്പെടുന്നു. ഇത് കർഷകർക്കിടയിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. 1427-ൽ ബാഹ്മനി സുൽത്താനേറ്റ് നിർമ്മിച്ച കോട്ട ഒരിക്കൽ ഏഷ്യയിലെ ഏറ്റവും വലിയ കോട്ടയെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നു.
ബിദാർ താലൂക്കിലെ ധർമപൂർ, ചത്നല്ലി വില്ലേജുകൾ വഖ്ഫ് ബോർഡിന് അവകാശപ്പെട്ടതാണ് എന്നാണ് വാദം.
സംയുക്ത പാർലമെൻ്ററി കമ്മിറ്റി ചെയർപേഴ്സൺ ജഗദാംബിക പാൽ നവംബർ 7 ന് കർണാടകയിലെ ഹുബ്ലിയിലും വിജയപ്പൂരിലും വഖ്ഫ് ബോർഡിന്റെ നടപടിയിൽ ദുരിതമനുഭവിക്കുന്ന കർഷകരുമായി സംവദിക്കും. കർഷകരുമായി വിഷയം ചർച്ച ചെയ്യാൻ സംസ്ഥാനത്തെത്താൻ ബിജെപി എംപി തേജസ്വി സൂര്യ അഭ്യർഥിച്ചതിനെ തുടർന്നാണ് ഈ നീക്കം.